ടര്‍ക്കിയിലെ സോമയിലെ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയി. ഖനിയില്‍ ഇനിയും നിരവധിയാളുകള്‍ കുടുങ്ങി കിടപ്പുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ഖനിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. ഒരു ഷിഫ്റ്റിനു ശേഷം അടുത്ത ഷിഷ്റ്റിലുള്ളവര്‍ ജോലിക്ക് കയറുന്ന സമയത്താണ് പൊട്ടിത്തെറി നടന്നത്. ഇതിനാല്‍ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങുകയുമായിരുന്നു.
പെട്ടന്ന് തീ പടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനവും അവതാളത്തിലായി. ഈ സമയം 787 പേര്‍ ഖനിയില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇഴഞ്ഞു നീങ്ങിയാണ് കുറച്ചു പേര്‍ രക്ഷപ്പെട്ടത്.
കടുത്ത തീയും പുകയും പടര്‍ന്നതിനാല്‍ എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന സംശയത്തിലാണ് അധികൃതര്‍. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി റിസപ് തയ്യിപ് എര്‍ഡോഗാന്‍ അറിയിച്ചു.