അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമം റദ്ദാക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ 22 സംസ്ഥാനങ്ങള്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. അമേരിക്കയിലെ ജന്മാവകാശ പൗരത്വ സംവിധാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വന്ന ട്രംപ് റദ്ദാക്കിയത്. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിട്ടുണ്ട്.
അധികാരത്തിലേറിയതിന് പിന്നാലെ ഒപ്പുവച്ച് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വം റദ്ദാക്കിയത്. ഇനിമുതല്‍ ഒരു കുഞ്ഞ് അമേരിക്കയില്‍ ജനിക്കുമ്പോള്‍ കുഞ്ഞിന്റെ മാതാവ് അല്ലെങ്കില്‍ പിതാവ് അമേരിക്കക്കാരനാണെങ്കില്‍ മാത്രമേ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുകയുള്ളു. അമേരിക്കയില്‍ ജനിച്ചത് കൊണ്ട് മാത്രം കുഞ്ഞിന് പൗരത്വം നല്‍കുന്ന സംവിധാനമാണ് റദ്ദാക്കിയത്.
അധികാരമേറ്റത്തിന് പിന്നാലെ ഒപ്പുവച്ച പല എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ക്കെതിരെയും കോടതിയില്‍ നിയമ പോരാട്ടം ഉണ്ടാകുമെന്നാണ് വിവരം. കുടിയേറ്റം, വോക്കിസം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.