അമേരിക്കയുടെ 47മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ചടങ്ങുകള്‍ നടക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടക്കുന്നത്. 1985 നു ശേഷം ആദ്യമായാണ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് നടക്കുന്നത്. ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ സാക്ഷികളാകാന്‍ നിരവധി ലോക നേതാക്കളാണ് എത്തുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും.
അതേസമയം താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് ഇസ്രയേല്‍-ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ട്രംപ് ചൈന സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചൈനീസ് പ്രസിഡന്റും ട്രംപും കഴിഞ്ഞ വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കയില്‍ ടിക്ടോക്കിനെ തിരിച്ചു കൊണ്ടുവരുന്ന ഉത്തരവും പുറത്തിറക്കാനും സാധ്യത കൂടുതലാണ്.