അല്‍ ജസീറയുടെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈജിപ്‌തില്‍ തടവുശിക്ഷ

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (17:11 IST)
അല്‍ ജസീറയുടെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈജിപ്‌തില്‍ തടവുശിക്ഷ. ഈജിപ്തുകാരനായ ബാഹെര്‍ മുഹമ്മദ്, കാനഡ സ്വദേശിയായ മുഹമ്മദ് ഫഹ്മി, ഓസ്ത്രേലിയക്കാരനായ പീറ്റര്‍ ഗ്രെസ്റ്റെ എന്നിവരെയാണ് മൂന്നു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
 
ഇതില്‍ തന്നെ ഒരാള്‍ക്ക് ആറു മാസം കൂടി അധിക തടവ് വിധിച്ചിട്ടുണ്ട്. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 
 
രാജ്യത്തെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കിയെന്നാരോപിച്ച് 2014 ജൂണില്‍ ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, ഫഹ്മിയെയും  ഗ്രെസ്റ്റെയും ഏഴുവര്‍ഷത്തെ തടവിനും മുഹമ്മദിനെ പത്തുവര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.
 
എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ ശിക്ഷ റദ്ദാക്കുകയും വിചാരണ ബാക്കിയാക്കി ഫെബ്രുവരിയില്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മാധ്യമപ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്യാത്തിനാല്‍ മൂവരെയും ജയിലില്‍ അടക്കുന്നെന്ന് വിധി പ്രഖ്യാപിച്ച് ജഡ്ജ് ഹസന്‍ ഫരീദ് പറഞ്ഞു.