ഏഷ്യന്‍ അടിസ്ഥാനസൗകര്യ നിക്ഷേപ ബാങ്കിന് ചട്ടക്കൂടായി

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (15:22 IST)
ചൈനയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഏഷ്യന്‍ അടിസ്ഥാനസൗകര്യ നിക്ഷേപ ബാങ്കിന്റെ(എ.ഐ.ഐ.ബി.) നിയമപരമായ ചട്ടക്കൂടിനുള്ള കരാറില്‍ ഇന്ത്യയടക്കമുള്ള 50 സ്ഥാപകരാജ്യങ്ങള്‍ ഒപ്പിട്ടു. ചൈനയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ആദ്യം ഒപ്പുവെച്ചത് ഓസ്‌ട്രേലിയയാണ്. തുടര്‍ന്ന് 49 രാജ്യങ്ങളിലെ പ്രതിനിധികളും ഒപ്പുവെച്ചു.

ഈ വര്‍ഷം തന്നെ ബാങ്ക് പ്രവര്‍ത്തനക്ഷമമാകും. ഏഷ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തികസഹായം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ബാങ്ക് ലോകബാങ്കിനും ഏഷ്യന്‍ വികസന ബാങ്കിനും വെല്ലുവിളിയാണ്. 10,000 കോടി അമേരിക്കന്‍ ഡോളറാണ് ബാങ്കിന്റെ മൂലധനം. ഇതിന്റെ 75 ശതമാനം ഏഷ്യന്‍ രാജ്യങ്ങളുടെ വിഹിതമാണ്.

സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തിനനുസരിച്ചാണ് ഓരോ രാജ്യത്തിന്റെയും ഓഹരി നിശ്ചയിക്കുന്നത്. ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളാണ് വലിയ ഓഹരി പങ്കാളികള്‍. 30.4, 8.52, 6.66 ശതമാനം എന്ന ക്രമത്തിലാണ് ഈ രാജ്യങ്ങള്‍ക്ക് ബാങ്കില്‍ ഓഹരിയുണ്ടാവുക.