റഷ്യയില്‍ 78 യാത്രക്കാരുമായി പറന്ന യാത്രാവിമാനത്തിന് തീപിടിച്ച് 41 മരണം.തീ പിടിച്ചതിനെ തുടർന്ന് ഷെറെമെറ്റിയേവോ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയെങ്കിലും യാത്രക്കാരില്‍ പകുതിയില്‍ അധികം പേരും മരിക്കുകയായിരുന്നു.
ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തില്‍ പെട്ടത്. എയര്‍ഹോസ്റ്റസ്മാരും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. പൊള്ളലേറ്റ ആറ് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
മുര്‍മന്‍സ്‌ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുഉയര്‍ന്നതിന് പിന്നാലെയാണ് വിമാനത്തിലെ ജീവനക്കാര്‍ അപായസൂചന അറിയിച്ചത്. എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ വെച്ച് വിമാനത്തിന്റെ എന്‍ജിനിലേക്ക് തീപടരുകയായിരുന്നു.
പറക്കുന്നതിനിടെ തീപിടിച്ച വിമാനം ഉടന്‍ അടിയന്തര ലാന്‍ഡിങ്ങിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിര്‍ത്താനായത്. എന്നാൽ അപ്പോഴേക്കും തീ അപകടകരമായ രീതിയില്‍ പടര്‍ന്നെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനത്തിലേക്ക് പൂര്‍ണമായി തീ പിടിക്കുകയായിരുന്നു. വിമാനത്തിന്റെ നിരവധി ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.