40ഓളം പേരെ കുഴിച്ചുമൂടിയ ശവക്കുഴി പാല്‍മിറയില്‍ നിന്നും സിറിയന്‍ സൈന്യം കണ്ടെടുത്തു

Webdunia
ശനി, 2 ഏപ്രില്‍ 2016 (17:30 IST)
ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ച പുരാതന നഗരമായ പാല്‍മിറയില്‍ 40-ഓളം പേരെ ഒരുമിച്ച് കുഴിച്ചുമൂടിയ ശവക്കുഴി സിറിയന്‍ സൈന്യം കണ്ടെടുത്തു. ശവക്കുഴിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതും കുട്ടികളുടേതുമാണ്. പാല്‍മിറ പിടിച്ചേടുത്തതിനു ശേഷം പ്രദേശത്ത് സൈന്യം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
 
കഴിഞ്ഞ പത്ത് മാസത്തോളമായി ഐ എസിന്റെ അധീനതയിലായിരുന്നു പാല്‍മിറ നഗരം. റഷ്യയുടെ കര വ്യോമസേനകളുടെ സഹായത്തോടെ നടത്തിയ ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറ പൂര്‍ണമായും  സൈന്യം പിടിച്ചെടുത്തത്. ഐ എസ് തീവ്രവാദികള്‍ പാല്‍മിറ വിടുന്നതിന് മുന്‍പ് പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് സൈന്യം പരിശോധിച്ചു വരികയാണ്. അതിനുവേണ്ടി റഷ്യന്‍ സൈന്യത്തിന്റെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹായം സിറിയ തേടിയിട്ടുണ്ട്. ഏകദേശം 3000ല്‍ അധികം സ്‌ഫോടകവസ്തുക്കള്‍ പാല്‍മിറയുടെ പലഭാഗങ്ങളിലും ഭീകരര്‍ സ്ഥാപിച്ചിട്ടുണ്ടാകുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍.
 
പാല്‍മിറയിലേക്കുള്ള പ്രവേശനകവാടമെന്ന് അറിയപ്പെടുന്ന അല്‍ അമിറിയ പിടിച്ചെടുത്തതോടെയാണ് ഐ എസ് പരാജയം സമ്മതിച്ച് പിന്‍‌വാങ്ങിയത്. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെ സിറിയന്‍ സേന കരയുദ്ധം ശക്തമാക്കുകയായിരുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച മരുഭൂമിയുടെ മുത്ത് എന്ന് ഓമനപ്പേരുളള പാല്‍മിറയിലെ പൈതൃക കേന്ദ്രങ്ങള്‍  ഐ എസ് ഭീകരര്‍ തകര്‍ത്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം