മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ദാര്‍ മുഹമ്മദ് ഖാസിയെ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പിരിച്ചുവിട്ടു. കേസിലെ പ്രതിയായ അജ്മല്‍ അമീര്‍ കസബിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ഇസ്‌ലാമബാദ് ഔദ്യോഗികമായി ആവശ്യപ്പെട്ടു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പിരിച്ചു വിട്ടത്.
മുഹമ്മദ് ഖാസിയെ ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സ്ഥാനത്തു നിന്ന് നീക്കിയതായി ഔദ്യോഗിക അറിയിപ്പ് വന്നതായി ഡോണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 18നാണ് ഇന്ത്യന്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള അജ്മല്‍ ആമിര്‍ കസബിനെ വിട്ടുകിട്ടണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായുള്ള പ്രസ്താവന വന്നത്. തുടര്‍ന്ന് വിവാദ പ്രസ്താവന നടത്തിയ ശേഷം ഖാസി സ്വകാര്യ സന്ദര്‍ശനത്തിന് ലണ്ടനിലേക്ക് പോകുകയായിരുന്നു.
കസബ് കേസിലെ പ്രധാന പ്രതിയാണെന്നും ഇയാളെ കൈമാറിയില്ലെങ്കില്‍ പാകിസ്ഥാനില്‍ അറസ്റ്റിലായ മറ്റുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണൈന്നും മുഹമ്മദ് ഖാസി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസ്‌താവനകള്‍ മണിക്കൂറുകള്‍ക്കകം തന്നെ പാക് വിദേശകാര്യ ഓഫീസ് നിഷേധിച്ചിരുന്നു.
മുംബൈ ഭീകരാക്രമണ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കപ്പെട്ട ഉടനെയായിരുന്നു ഖാസിയുടെ പ്രസ്താവന. പുതുതായി ആരേയും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാന്ത്തേയ്ക്ക് നിയമിച്ചിട്ടില്ല. ഏഴ് പുതിയ ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍മാരേയും നാല് സ്റ്റാന്‍ഡിംഗ് ഗവണ്‍മെന്‍റ് കൌണ്‍സല്‍മാരേയും സര്‍ദാരി നിയമിച്ചതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.