“നീലക്കടലിലെ കറുത്ത കൊള്ളക്കാര്‍“

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2013 (16:16 IST)
PTI
നീലാകാശം പോലുള്ള നീലക്കടലിന്റെ തിരമാലകളെ ഇളക്കി മറിച്ച് തോക്കിന്റെ ഉന്നം ഇരകളുടെ നേര്‍ക്ക് ചൂണ്ടി മോട്ടോര്‍ ബോട്ടുകളില്‍ വരുന്ന കടല്‍ക്കൊള്ളക്കാര്‍ എന്നും കപ്പല്‍ യാത്രകളിലെ പേടി സ്വപ്നമാണ്. ഒരു പക്ഷേ അതുകൊണ്ട് തന്നെയാവാം “ സൊമാലിയന്‍ പൈറേറ്റ്സ്“ എന്ന് കേള്‍ക്കുമ്പോള്‍ ഒരു നിമിഷം നെടുവീര്‍പ്പ് ഇടുന്നത്.

സൊമാലിയ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പട്ടിണിപ്പാവങ്ങളുടെ നാട്. ഒരു നേരത്തെ ആഹാരം ലഭിക്കാതെ ജന്തുക്കളും മനുഷ്യരും ജീവന്‍ വെടിഞ്ഞ് മണ്ണിനോട് ഇഴുകി ചേരുന്ന നാട്. ഭരണ അരാജകത്വങ്ങള്‍ നിറഞ്ഞാടുന്ന ഒരു പ്രേതഭൂമിയെന്ന് വേണമെങ്കില്‍ പറയാം. ഇവിടെ നിന്നും കൊള്ളക്കാര്‍ ഉണ്ടാകുന്നത് സ്വഭാവികമായ കാര്യമാണ്. പക്ഷേ അത് ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ വെല്ലു വിളിയാകുമെന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ആശ്ചര്യപ്പെടുക തന്നെ വേണം.

1986 മുതല്‍ സൊമാലിയ ആഭ്യന്തരപ്രശ്നങ്ങളില്‍പ്പെട്ട് ആടിയുലയുകയാണ്. സൊമാലിയയില്‍ സാമൂഹിക, ഭരണമാറ്റങ്ങളാണ് ഈ ആഭ്യന്തര പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളായി കാണുന്നത്. ഇത്തരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളിലെ ഒരു വിഭാഗമാണ് “റിബല്‍ ആര്‍മീസ്”. ആഭ്യന്തരയുദ്ധങ്ങളില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തികം ലഭ്യമാക്കാന്‍ “ഗള്‍ഫ് ഓഫ് ഏദന്‍” എന്ന പ്രധാന സീ റൂട്ടില്‍ മോഷണങ്ങള്‍ ആരംഭിക്കുകയായിരുന്നു.
പിന്നീട് ഇവര്‍ കടലിലൂടെ പോകുന്ന കപ്പലുകളുടെ പേടി സ്വപ്നമായി മാറുകയായിരുന്നു.

PTI
സൊമാലിയന്‍ കൊള്ളക്കാര്‍ കപ്പല്‍ മോഷണം, കള്ളക്കടത്ത്, തീവ്രവാദം തുടങ്ങിയ ഒട്ടനവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. പല ലോകരാജ്യങ്ങളുടെയും കപ്പലുകള്‍ സൊമാലിയന്‍ തീവ്രവാദികളുടെ തോക്കിനു മുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്. ചോദിക്കുന്ന മോചനദ്രവ്യം നല്‍കിയതിനു ശേഷമെ കപ്പലുകളേയും ജീവനക്കരേയും ഇവര്‍ മോചിപ്പിക്കുകയുള്ളു. അല്ലാത്ത പക്ഷം കൊന്നുകളയുന്ന ശൈലിയാണ് ഇവരുടേത്.

സൊമാലിയന്‍ കൊള്ളക്കാരുടെ ആയുധ സാമഗ്രികള്‍ മികവുറ്റതാണ്. മോട്ടോര്‍ ബോട്ടുകള്‍, ഗ്രാപ്പിലിംഗ് ഹുക്ക്, എകെ 47, അത്യാധുനിക മെഷിംഗ് ഗണ്ണുകള്‍, ആര്‍പിജി റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. സൊമാലിയന്‍ കൊള്ളക്കാര്‍ തങ്ങളുടെ പ്രാദേശിക പ്രദേശത്ത് പരിശിലനം നേടുകയാണ് ചെയ്യുന്നത്. യെമനില്‍ നിന്നുമാണ് ഇവര്‍ക്ക് കൂടുതലായും ആയുധങ്ങള്‍ എത്തുന്നത്.

കൊള്ളക്കാരില്‍ ഭൂരിപക്ഷവും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. കൊള്ളക്കാരില്‍ 80 ശതമാനത്തോളം പേരും ദക്ഷിണ സൊമാലിയയില്‍പ്പെട്ടവരാണ്, സമുദ്രാതിര്‍ത്തിയിലുള്ളവരാണ് ഇവരില്‍ കൂടുതല്‍ പേരും. കാരണം കടലിന്റെ ആഴവും പരപ്പും വഴികളും ആക്രമണം നടത്തേണ്ട രീതികളും ഇവര്‍ക്ക് കൂടുതലായി മനസിലാക്കാന്‍ സാധിക്കുന്നവരാണ്. ഇവരില്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും സാങ്കേതികപരമായി കഴിവുള്ളവരും ഉണ്ട്.

PTI
സൊമാലിയന്‍ കൊള്ളക്കാര്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. സൊമാലിയയിലെ പുട്‌ലാന്‍ഡാണ് ഇവരുടെ പ്രധാനപ്പെട്ട പ്രദേശം. സ്വര്‍ഗീയമായ ജീവിതമാണ് കൊള്ളക്കാര്‍ ഇവിടെ അനുഭവിക്കുന്നത്. പണം, ശക്തി എന്നിവ കൊണ്ട് ആരോ ദിവസം കഴിയുമ്പോഴും ഇവര്‍ ശക്തരായി മാറുകയാണ്. കൊള്ളക്കാര്‍ ഏറ്റവും സുന്ദരികളായ സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നത് കൂടാതെ വലിയ മാളികകളും ഇവര്‍ക്കുണ്ട്.

സൊമാലിയന്‍ കൊള്ളക്കാര്‍ക്ക് കള്ളക്കടത്തല്‍ ഒരു നിത്യ തൊഴില്‍ എന്നതിനപ്പുറം ഒരു വിനോദമായി മാറിയിരിക്കുകയാണ്. സൊമാലിയന്‍ കൊള്ളക്കാര്‍ പ്രദേശങ്ങളിലെ പൊലീസ്, സൈന്യം തുടങ്ങിയ വിഭാഗക്കാ‍ര്‍ക്ക് വലിയ ഒരു തുക പാരിതോഷികമായി നല്‍കുന്നതിനാല്‍ അറസ്റ്റ്, ശിക്ഷ തുടങ്ങിയവ ഇവര്‍ക്ക് ദോഷമാകുന്നില്ല. പണവും പെണ്ണും നല്‍കി ഇവര്‍ ഉന്നത അധികാരികളെ മയക്കുകയാണ് ചെയ്യുന്നത്.

പുട്‌ലാന്‍ഡ് സത്യത്തില്‍ സൊമാലിയന്‍ ചെറുപ്പക്കാരുടെ സ്വപ്ന ഭൂമിയാണ്. മണ്ണും പെണ്ണും പണവും മോഹിച്ച് നൂറുകണക്കിന് യുവാക്കളാണ് കൊള്ളക്കാരാകാന്‍ ഇവിടെ എത്തുന്നത്. ഒരു നേരത്തെ ആഹാരം രാജ്യത്തിന് നല്‍കാന്‍ പറ്റാത്തതാണ് യുവാക്കളെ കൊള്ളക്കാരാകാന്‍ പ്രേരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്