‘ലാദനെ ഒറ്റുകൊടുക്കാന്‍ ബുഷ് ആവശ്യപ്പെട്ടു‘

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2011 (17:46 IST)
PRO
PRO
അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദനെ കുടുക്കാന്‍ അമേരിക്ക പയറ്റാത്ത തന്ത്രങ്ങളില്ല. പ്രസിഡന്റ് സ്ഥാനം വിട്ട് വൈറ്റ് ഹൌസിന്റെ പടിയിറങ്ങുന്ന വേളയില്‍ ലാദനെ കണ്ടെത്താനായി ജോര്‍ജ് ഡബ്ല്യു ബുഷ് ഒരു അവസാനവട്ട ശ്രമം നടത്തിനോക്കി. ബുഷ് തന്റെ അവസാനത്തെ കച്ചിത്തുരുമ്പായി കണ്ടെത്തിയത് ലാദന്റെ നാലാമത്തെ മകന്‍ ഒമറിനെയാ‍യിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ബുഷ് തന്നെ വൈറ്റ്‌ ഹൌസിലേക്ക് ക്ഷണിച്ചിരുന്നതായാണ് ഒമര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. അദ്ദേഹം പ്രസിഡന്റ് സ്ഥാനം വിട്ടൊഴിയുന്ന അവസരത്തിലായിരുന്നു ഇത്. 2009-ല്‍ ദോഹയിലെ വസതിയില്‍ ആയിരിക്കുമ്പോഴാണ് തനിക്ക് വൈറ്റ് ഹൌസിലേക്ക് ക്ഷണം ലഭിച്ചതെന്ന് ഒമര്‍ പറഞ്ഞതായി ഒരു സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൌസിലെ ഒരു പ്രതിനിധി മുഖാന്തരമായിരുന്നു ക്ഷണമെന്നും ഒമര്‍ പറഞ്ഞു.

പിതാവിനെ ഒറ്റുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ തന്നെ വിളിപ്പിച്ചത്. അങ്ങനെ ചെയ്താല്‍ തന്നെ സംരക്ഷിക്കാമെന്നും അവര്‍ ഉറപ്പ് നല്‍കി. എന്നാല്‍ തനിക്കതിന് കഴിയില്ലെന്ന് 29-കാരനായ ഒമര്‍ പറയുകയായിരുന്നു. ലാദന്‍ തന്റെ പിതാവാണെന്നും അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും ഒമര്‍ മറുപടി നല്‍കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പത്ത് വര്‍ഷമായി തനിക്ക് പിതാവുമായി യാതൊര് ബന്ധവുമില്ലെന്നും ഒമര്‍ പറഞ്ഞു. ലാദന്റെ പിന്‍‌ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ആളാണ് ഒമര്‍. എന്നാല്‍ പിതാവിന്റെ വഴി പിന്തുടരേണ്ടെന്ന് തീരുമാനിച്ചതിനാല്‍ ഒമര്‍ തോറാ ബോറാ മലയിറങ്ങി വരികയായിരുന്നു. സെപ്തംബര്‍ 11 ഭീകരാക്രമണങ്ങള്‍ നടക്കുന്നതിന് മുമ്പായിരുന്നു ഇത്.

എന്നാല്‍ ബുഷിന്റെ ഭരണകാലത്തെ തീരുമാനങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് വൈറ്റ്‌ ഹൌസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.