‘ഞാനിവിടെ ദീര്‍ഘനാള്‍ ഉണ്ടാകുമെന്ന് തെരേസ മേ’; അത് വെറും അതിമോഹമാണെന്ന് പാര്‍ട്ടി എംപിമാര്‍

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (14:59 IST)
വരുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ താനുണ്ടാകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാഷ്ട്രീയ പ്രഖ്യാപനം വിശ്വാസത്തിലെടുക്കാതെ പാര്‍ട്ടി അണികളും എംപിമാരും. ‘ഞാനിവിടെ തീര്‍ച്ചയായും ദീര്‍ഘനാള്‍ ഉണ്ടാകും. ബ്രക്സിറ്റ് പ്രാവര്‍ത്തികമാക്കുക മാത്രമല്ല തന്റെയും സര്‍ ക്കാരിന്റെയും ലക്ഷ്യമെന്നും തെരേസ മേ പറഞ്ഞിരുന്നു. 
 
ഒരിക്കലും ഇടയ്ക്കുവച്ച് ഉപേക്ഷിച്ചുപോകുന്ന ആളല്ല താനെന്നും ദീര്‍ഘകാല രാഷ്ട്രീയ മോഹങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് തെരേസ മേയ് പറഞ്ഞിരുന്നു. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ടോറി സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനാകാതെ തെരേസ മേയ് ബ്രക്സിറ്റിനുശേഷം രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. 
 
അതേസമയം പാര്‍ട്ടി പ്രധാനമന്ത്രിയ്ക്ക് പിന്നില്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും മറ്റുചില മുതിര്‍ന്ന നേതാക്കളും  ഈ പ്രസ്താവനയ്ക്ക് പിന്തുണയും നല്‍കി.  എന്നാല്‍ പാർട്ടിയിലെതന്നെ നല്ലൊരു ശതമാനം എംപിമാരും പ്രധാനമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കുന്നില്ല.
 
ഇനിയൊരു തിരഞ്ഞടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തെരേസ മേയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പിൻബഞ്ചുകാരായ പല പുതുമുഖ എംപിമാരുടെയും വിലയിരുത്തൽ. സ്വയം അപഹാസ്യയാകുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തുന്നതെന്നായിരുന്നു മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ പരിഹാസം.  

അനുബന്ധ വാര്‍ത്തകള്‍

Next Article