വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് റോസ്മോണ്ട് ടെയ്‌ലര്‍ അന്തരിച്ചു. ലോസാഞ്ചലസിലായിരുന്നു അന്ത്യം. 79 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹൃദയസംബന്ധിയായ രോഗങ്ങളാല്‍ അടുത്തിടെ ബുദ്ധിമുട്ടിയിരുന്നു.
രണ്ടു തവണ ഓസ്കര്‍ നേടിയ എലിസബത്ത് ടെയ്‌ലര്‍ ഇരുപതാംനൂറ്റാണ്ടില്‍ ഹോളിവുഡ് കണ്ട ഏറ്റവും വലിയ നക്ഷത്രങ്ങളില്‍ ഒരാളാണ്. നാഷണല്‍ വെല്‍വെറ്റ്, ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീയ വൂള്‍ഫ്?, ക്ലിയോപാട്ര തുടങ്ങിയവ അവരുടെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളാണ്. ലോകത്തിലെ ഏറ്റവും മികച്ച നടിയും ഏറ്റവും സുന്ദരിയും ആരെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരങ്ങളില്‍ ആദ്യ നിരയിലുള്ളത് എലിസബത്ത് ടെയ്‌ലറിന്‍റെ പേരായിരിക്കും.
സൌന്ദര്യത്തിന്‍റെ പേരിലെന്നതുപോലെ തന്നെ വിവാഹത്തിന്‍റെ കാര്യത്തിലും അവര്‍ പ്രശസ്തയായിരുന്നു. ഏഴ് തവണയാണ് അവര്‍ വിവാഹം കഴിച്ചത്. ഏഴാം ഭര്‍ത്താവായ റിച്ചാര്‍ഡ് ബര്‍ട്ടനുമായി ചേര്‍ന്ന് അവര്‍ സൃഷ്ടിച്ച സിനിമകള്‍ പ്രശസ്തങ്ങളാണ്.
പന്ത്രണ്ടാം വയസില്‍ അഭിനയരംഗത്തെത്തിയതു മുതല്‍ മരണം വരെ എലിസബത്ത് ടെയ്‌ലര്‍ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു. അമ്പതുകളിലും അറുപതുകളിലുമായിരുന്നു അവര്‍ ജ്വലിച്ചുനിന്നത്. 1958 മുതല്‍ 62 വരെയുള്ള മൂന്നു വര്‍ഷങ്ങളില്‍ നാല് ഓസ്കര്‍ നോമിനേഷനുകളാണ് അവര്‍ നേടിയത്. നാലില്‍ മൂന്നെണ്ണത്തിലും അവര്‍ക്ക് പരാജയം രുചിക്കേണ്ടിവന്നെങ്കിലും അവസാനം ‘ബട്ടര്‍ഫീല്‍ഡ് 8’ എന്ന സിനിമ എലിസബത്ത് ടെയ്‌ലറിന് ഓസ്കര്‍ നേടിക്കൊടുത്തു. 1967ല്‍ ‘ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീയ വൂള്‍ഫ്?’ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ ഓസ്കറും അവരെ തേടിയെത്തി.
ആദ്യചിത്രമായ നാഷണല്‍ വെല്‍വെറ്റിന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ പരുക്ക് പുറംവേദനയായി എലിസബത്ത് ടെയ്‌ലറിന്‍റെ മരണം വരെ തുടര്‍ന്നു. 1961ല്‍ ഗുരുതരമായ നിമോണിയ ബാധിച്ച് മരണത്തോട് മല്ലടിച്ചു. മദ്യത്തിലും വേദനാ സംഹാരികളിലും അഭയം തേടിയതും അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. രോഗങ്ങളുടെയും ശസ്ത്രക്രിയകളുടെയും പരമ്പരകള്‍ക്കൊടുവില്‍ 1997 തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തി. അതിനും ശസ്ത്രക്രിയ വേണ്ടിവന്നു.
2004 ലാണ് അവര്‍ക്ക് ഹൃദ്രോഗം പിടിപെടുന്നത്. എന്നാല്‍ എല്ലാ രോഗങ്ങളോടും പോരാടി എലിസബത്ത് ടെയ്‌ലര്‍ തന്‍റെ ഇതിഹാസജീവിതം തുടര്‍ന്നു. എഴുപത്തൊമ്പതാം വയസില്‍ മരണം എന്ന കലാകാരന്‍ കൈപിടിച്ചു കൊണ്ടുപോകുന്നതുവരെ.