സ്നോര്‍ഡന്‍ ഇക്കഡോറിനോട് അഭയം നല്‍കാന്‍ അപേക്ഷിച്ചു

Webdunia
തിങ്കള്‍, 24 ജൂണ്‍ 2013 (12:04 IST)
WD
WD
രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കയുടെ പ്രിസം രഹസ്യ പദ്ധതിയെപറ്റി പുറം ലോകത്തെ അറിയിച്ച എഡ്വോര്‍ഡ് സ്നോഡന്‍ ഇക്കഡോറിനോട് രാഷ്ട്രീയ അഭയത്തിനായി അപേക്ഷിച്ചു. സ്നോഡന്റെ അപേക്ഷ ഇക്കഡോര്‍ വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെയാണ് സ്ഥിരീകരിച്ചത്.

ചാരപ്പണി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് സ്നോഡനെതിരെ അമേരിക്ക കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോങ്കോങില്‍ അഭയം പ്രാപിച്ച സ്നോഡനെ വിട്ടുകിട്ടാന്‍ അമേരിക്ക ഹോങ്കോങ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഇതിനിടയില്‍ സ്നോഡന്‍ മോസ്കോയിലേക്ക് കടന്നു കളയുകയായിരുന്നു.

അമേരിക്കന്‍ രഹസ്യങ്ങള്‍ സ്നോഡന്‍ പുറത്തുവിട്ടത് ഹോങ്കോങില്‍ നിന്നായിരുന്നു. ഹോങ്കോങ് സര്‍ക്കാര്‍ സ്നോഡനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയുടെ ഈ ആവശ്യത്തെ നിരസിച്ച് ഹോങ്കോങ് സ്നോഡനെ പിന്തുണക്കുകയും മോസ്കോയിലേക്ക് കടക്കാന്‍ സഹായം ചെയ്യുകയുമായിരുന്നു.

അതേസമയം സ്നോഡന്‍റെ പാസ്പോര്‍ട്ട് മരവിപ്പിച്ചതായി അമേരിക്ക അറിയിച്ചു. അതുകൊണ്ടുതന്നെ ഇനി ഒരു രാജ്യത്തിനും വിമാന കമ്പനികള്‍ക്കും നിയമപ്രകാരം സ്നോഡന്റെ യാത്രയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ല.യാത്ര രേഖകളും മറ്റ് സഹായങ്ങളും നല്‍കി സ്നോഡനെ കടത്തിയത് വിക്കിലീക്സ് ടീമാണ്.

ഇപ്പോള്‍ ഇക്കഡോറിലേക്ക് കടക്കാനായി മോസ്ക്കോയിലുള്ള സ്നോഡനെ നയതന്ത്ര പ്രതിനിധികളും നിയമ വിദഗ്ദരം വിക്കിലീക്സ് പ്രവര്‍ത്തകരും സഹായിക്കുന്നതായി സൂചനയുണ്ട്.