സ്ട്രോസ് കാനെ സഹിക്കാനാവില്ലെന്ന് സ്ത്രീകള്‍!

Webdunia
വ്യാഴം, 19 മെയ് 2011 (17:48 IST)
PRO
രാജിവച്ച ഐ‌എം‌എഫ് മേധാവി ഡൊമനിക് സ്ട്രോസ് കാന്‍ കിടപ്പറയില്‍ സ്ത്രീകളോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് വെളിപ്പെടുത്തല്‍. കാന് വേണ്ടി യുവതികളെ നല്‍കിയിരുന്നത് താനായിരുന്നു എന്നും അദ്ദേഹം സ്ത്രീകളോട് ക്രൂരമായാണ് പെരുമാറിയിരുന്നത് എന്നും ക്രിസ്റ്റിന്‍ ഡേവിസ് എന്ന സ്ത്രീയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ക്രിസ്റ്റിന്‍ ഡേവിസിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കാനിന്റെ സദാചാരപരമായ പ്രതിച്ഛായ അമ്പേ തകര്‍ന്നിരിക്കുകയാണ്. കാനിനെ ഒരു തവണ സന്ദര്‍ശിച്ച യുവതികള്‍ പിന്നീട് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിരുന്നില്ല എന്നും അക്രമാസക്തമായ പെരുമാറ്റം കാരണമായിരുന്നു അതെന്നും ക്രിസ്റ്റിന്‍ വെളിപ്പെടുത്തിയതായി ‘ദ ഡെയ്‌ലി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.

ഒരിക്കല്‍, കാനിന് സുന്ദരികളായ അമേരിക്കകാരികളെയായിരുന്നു ആവശ്യം. ഹോട്ടലില്‍ രണ്ട് മണിക്കൂര്‍ സെഷന് 1,200 ഡോളര്‍ നല്‍കുമായിരുന്നു. എന്നാല്‍, 2006 ജനുവരിയില്‍ കാനിനു വേണ്ടി അയച്ച പെണ്‍കുട്ടി അദ്ദേഹത്തിന്റെ മോശം പെരുമാറ്റം കാരണം പിന്നീടൊരിക്കലും അദ്ദേഹത്തെ കാണില്ല എന്ന് പറഞ്ഞു. ഏഴ് മാസങ്ങള്‍ക്ക് ശേഷം സെപ്തംബറില്‍ കാനിന്റെ അടുത്തേക്ക് അയച്ച ബ്രസീലിയന്‍ പെണ്‍കുട്ടിക്കും ഇതു തന്നെയായിരുന്നു അഭിപ്രായമെന്നും ഡേവിസ് വെളിപ്പെടുത്തുന്നു.

മെക്സിക്കന്‍ സന്ദര്‍ശന വേളയിലും കാന്‍ ഒരു പരിചാരികയെ പീഡിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

മാന്‍‌ഹട്ടനിലെ ഒരു ആഡംബര ഹോട്ടലില്‍ വച്ച് ഒരു പരിചാരികയെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതുമാണ് സ്ട്രോസ് കാനിന്റെ ജോലി തെറിക്കാന്‍ കാരണമായത്.