സുഹൃത്തിനെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ചയാൾക്ക് ആറാംതവണയും പരോൾ നിഷേധിച്ചു

Webdunia
ശനി, 5 മാര്‍ച്ച് 2016 (18:35 IST)
സുഹൃത്തിനെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ചയാൾക്ക് കോടതി ആറാംതവണയും പരോൾ നിഷേധിച്ചു. ഒഹായോ പരോൾ ബോർഡാണ് അലൻ ചാപിന്‍(60) എന്ന തടവുകാരനെയാണ് പുറത്തുവിടാൻ യോഗ്യനല്ലെന്ന കാരണത്താല്‍ കോടതി പരോള്‍ നിഷേധിച്ചത്. 
 
40 വർഷങ്ങൾക്കു മുൻപാണ് മതത്തെക്കുറിച്ചുള്ള തർക്കത്തെത്തുടര്‍ന്ന് ചാപിൻ കൂടെ താമസിക്കുന്ന സുഹൃത്തായ ഡോണൾഡ് ലിമിങ്ങിനെ വെടിവച്ചുകൊന്നത്. ചാപിൻ ബാപ്റ്റിസ്റ്റ് വിഭാഗമായിരുന്നു. ആദ്യം കത്തോലിക്കനായിരുന്നെന്നും പിന്നീട് ബുദ്ധമതം സ്വീകരിച്ചെന്നും പേഗൻ ആണെന്നും ലിമിങ് പറഞ്ഞിരുന്നു. പരസ്പരധാരണ അനുസരിച്ചാണ് താൻ ലിമിങ്ങിന്റെ തലച്ചോർ കഴിച്ചതെന്ന് ചാപിൻ  കോടതി നിയോഗിച്ച സൈക്യാട്രിസ്റ്റിനോട് പറഞ്ഞിരുന്നു.
 
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ചാപിൻ ഒഹായോയിലെ ലിമയിലുള്ള അലൻ കറക്‌ഷണലിലാണ് ഇപ്പോൾ കഴിയുന്നത്. സംഭവം നടക്കുമ്പോൾ ഇരുവർക്കും 23 വയസ്സായിരുന്നു. ഒഹായോയിലെ മിൽഫോർഡിലുള്ള ഇരുവരുടെയും അപ്പാർട്മെന്റില്‍ വച്ച് 1978 ഒക്ടോബർ മൂന്നിനാണ് സംഭവം നടന്നത്.
 
 2018 ഡിസംബർ വരെ ചാപിനെ പരോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഒഹായോ ഡിപ്പാർട്മെന്റ് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് കറക്‌ഷനിലെ ജോഎല്ലൻ സ്മിത് അറിയിച്ചു.