അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ ഞായറാഴ്ച ആസ്യാന എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറങ്ങാന്‍ കാരണം പൈലറ്റിന്റെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട്.
അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന ലീ കാങ് കുങ് മുതിര്‍ന്ന പൈലറ്റുമാര്‍ക്കൊപ്പം ബോയിങ് 777 വിമാനം പറത്തുന്നതില്‍ പരിശീലനത്തിലായിരുന്നുവെന്ന് ആസ്യാന എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഈ വിമാനത്തില്‍ 43 മണിക്കൂര്‍ പരിചയം മാത്രമേ ലീക്ക് ഉണ്ടായിരുന്നുള്ളു.
മറ്റ് വിമാനങ്ങള്‍ 9793 മണിക്കൂര്‍ പറത്തി പരിചയമുള്ളയാളാണ് അദ്ദേഹം. സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ 29 തവണ ലീ വിമാനം ഇറക്കിയിട്ടുണ്ട്.
ലാന്‍ഡിങ് സമയത്ത് വിമാനത്തിന്റെ വേഗം ആവശ്യത്തിലും കുറവായിരുന്നതായി യുഎസ് ദേശീയ ഗതാഗതസുരക്ഷാ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. വേഗത കൂട്ടാന്‍ ശ്രമിച്ച പൈലറ്റ് വിമാനം ഇറക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു. വിമാനം ഇടിച്ചിറങ്ങിയതിനെത്തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ മരിക്കുകയും 181 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.