ഷേക്സ്പിയറുടെ നാടകങ്ങളുമായി ലോകപര്യടനം

Webdunia
വ്യാഴം, 18 ജൂലൈ 2013 (10:14 IST)
PRO
PRO
വില്യം ഷേക്സ്പിയറുടെ നാടകങ്ങളുമായി ഗ്ലോബ്‌ തിയറ്റര്‍ ലോകപര്യടനത്തിന് ഒരുങ്ങുന്നു. ഷേക്സ്പിയറുടെ നാനൂറ്റിയമ്പതാം ജന്മവാര്‍ഷികം പ്രമാണിച്ചാണ് ഗ്ലോബ്‌ തിയറ്റര്‍ അദ്ദേഹത്തിന്റെ നാടകവുമായി ലോകപര്യടനത്തിനിറങ്ങുന്നത്.

വില്യം ഷേക്സ്പിയറുടെ പ്രസിദ്ധ നാടകമായ ഹാംലെറ്റ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കാനാണ് ഗ്ലോബ്‌ തിയറ്റര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ പര്യടനത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2014 ഏപ്രില്‍ 23നാണ് നാടക സംഘം യാത്ര തിരിക്കുന്നത്.

ലോകപര്യടനത്തില്‍ നാടക സംഘത്തിലെ നടീനടന്മാര്‍ 205 രാജ്യങ്ങളില്‍ നാടകം അവതരിപ്പിക്കും. 2016ല്‍ ഷേക്സ്പിയറുടെ ചരമവാര്‍ഷികദിനത്തില്‍ ലണ്ടനില്‍ മടങ്ങിയെത്തണമെന്നാണ് കരുതുന്നതെന്ന് ഗ്ലോബ് തിയറ്റര്‍ ഡയറക്ടര്‍ പീറ്റര്‍ ബ്രൂക്‌ പറഞ്ഞു.

യൂറോപ്പില്‍നിന്നാണ് പര്യടനം ആരംഭിക്കുന്നത്. പര്യടനത്തില്‍ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യ, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നാടകം അവതരിപ്പിക്കും.