ഷെരീഫ്: പാക് സൌദി സഹായം തേടി

Webdunia
നവാസ് ഷെരീഫും സഹോദരന്‍ ഷാ‍ബാസ് ഷെരീഫും പാകിസ്ഥാനിലെത്തുന്നത് തടയാന്‍ പാക് സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഷെരീഫ് സഹോദരന്മാര്‍ പാകിസ്ഥാനിലെത്തുന്നത് തടയാന്‍ സൌദി സര്‍ക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണ് പാകിസ്ഥാന്‍.

സൌദിഅറേബിയ പ്രശ്നത്തില്‍ ഇടപെടുകയാണെങ്കില്‍ ഷെരീഫ് സഹോദരന്മാര്‍ക്ക് മടങ്ങാനാകില്ലെന്നാണ് പാക് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. സൌദി സര്‍ക്കാരിന്‍റെ പ്രതിനിധി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഷെരീഫ് സഹോദരന്മാരെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് നാട് കടത്തുമ്പോള്‍ 2010 വരെ നാട്ടിലേക്ക് മടങ്ങില്ലെന്നുളള ധാരണ ഓര്‍മ്മപ്പെടുത്താനാണ് സൌദി പ്രതിനിധി ഷെരീഫ് സഹോദരന്മാരെ കാണുന്നത്.

ഷെരീഫ് സഹോദരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നത് തടയാന്‍ പ്രസിഡന്‍റ് മുഷറഫ് വിവിധ വഴികള്‍ ആലോചിക്കുന്നുണ്ട്. ഷെരീഫ് സഹോദരന്മാര്‍ എത്തുന്ന വിമാനം തിരിച്ച് ജിദ്ദയിലേക്ക് വിടുന്നതും പരിഗണനയിലാണ്.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുന്നതിനും ഷെരീഫ് സഹോദരന്മാരെ അനുവദിക്കില്ലെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.