വ്യോമാക്രമണം: നാറ്റോ അന്വേഷണം ആരംഭിച്ചു

Webdunia
അഫ്‌ഗാനിസ്ഥാനില്‍ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ നാറ്റോ സംഘം വടക്കന്‍ അഫ്‌ഗാനിസ്ഥാനിലെത്തി. കൊല്ലപ്പെട്ടവരില്‍ അധികവും സാ‍ധാരണ പൌരന്‍മാരാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം.

അഫ്‌ഗാനിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പമാകും നാറ്റോ സംഘം അന്വേഷണം നടത്തുകയെന്ന് അന്താരാഷ്‌ട്ര സുരക്ഷാ അസിസ്‌റ്റന്‍സ് ഫോഴ്‌സ് ക്യാപ്‌ടന്‍ എലിസബത്ത് മത്തിയാസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മത്തിയാസ് കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിനുവേണ്ട ഇന്ധനവുമായി പോകുകയായിരുന്ന ട്രക്കുകള്‍ കുന്‍ദുസ് പ്രവിശ്യയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിയെടുത്തതിനെ തുടര്‍ന്നാണ് നാറ്റോ സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിനു മുമ്പ് ടാങ്കറുകളിലെ ഇന്ധനം നീക്കം ചെയ്യാന്‍ തീവ്രവാദികള്‍ ശ്രമം നടത്തിയിരുന്നു. വ്യോമാക്രമണത്തില്‍ ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചത്.