യുഎസ് മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പോര്‍ട്ട്‌ലാന്‍ഡ് സ്വദേശിനി പീഡനത്തെ കുറിച്ചുള്ള കൂടുതല്‍ വിശദമായ വെളിപ്പെടുത്തലുകള്‍ക്ക് തയ്യാറാവുന്നു. എന്നാല്‍, കൂടുതല്‍ ‘കഥ‘ വെളിപ്പെടുത്തുന്നതിനായി ദശലക്ഷം യുഎസ് ഡോളറാണ് അവര്‍ ആവശ്യപ്പെടുന്നത്.
മിക്ക മാധ്യമങ്ങള്‍ക്കും ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട് എന്നാണ് സൂചന. എന്നാല്‍, വില വളരെ അധികമായിപ്പോയെന്നാണ് പൊതുവെയുള്ള പരാതി. എന്തായാലും ഇക്കാര്യത്തില്‍ വിലപേശല്‍ മുറുകുകയാണ്.
2006 ഒക്ടോബര്‍ 24 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് എന്ന് പോര്‍ട്ട്‌ലാന്‍ഡ് സ്വദേശിനിയായ അമ്പത്തിനാലുകാരിയായ മസാജ് തെറാപ്പിസ്റ്റ് പറയുന്നത്. പോര്‍ട്ട്‌ലാന്‍ഡില്‍ ഒരു കാലാവസ്ഥാ സമ്മേളനത്തിയ അല്‍ ഗോര്‍ ഹോട്ടല്‍ ലൂസിയയിലാണ് തങ്ങിയിരുന്നത്. രാത്രി 10:30 ന് തെറാപ്പിസ്റ്റിന് സന്ദര്‍ശനാനുമതി നല്‍കിയ അല്‍ഗോര്‍ അവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി.
അല്‍ ഗോറിന്റെ അടിവയറില്‍ ‘സുരക്ഷിത സ്ഥലത്ത്’ മസാജ് ചെയ്തിരുന്ന തന്നോട് വീണ്ടും താഴേക്ക് മസാജ് ചെയ്യാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ദേഷ്യത്തില്‍ ശബ്ദമുയര്‍ത്തി ആവശ്യം ആവര്‍ത്തിച്ചു എന്നും കൈ ബലമായി താഴേക്ക് കൊണ്ടുപോയി എന്നുമാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ഇവരുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അല്‍ ഗോറിനെതിരെ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചിരിക്കുകയാണ്.