വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങളും യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്നോഡന്‍

Webdunia
തിങ്കള്‍, 27 ജനുവരി 2014 (16:54 IST)
PRO
PRO
യുഎസ് രഹസ്യാന്വേഷണ ഏജന്‍സി വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍. ഒരു ജര്‍മന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്നോഡന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

എന്‍എസ്എ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ മാത്രമല്ല ചോര്‍ത്തിയത്. വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളും ചോര്‍ത്തി. ജര്‍മന്‍ എന്‍‌ജിനിയറിംഗ് സ്ഥാപനമായ സീമെന്‍സും രഹസ്യാന്വേഷണ ഏജന്‍സി ലക്‌ഷ്യമിട്ടവയില്‍ ഒന്നായിരുന്നുവെന്ന് സ്നോഡന്‍ എ.ആര്‍.ഡി ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് യുഎസിന്‍്റെ ദേശീയ താല്‍പര്യത്തിനുവേണ്ടിയാകാം. ഒരുപക്ഷേ കമ്പനികളില്‍ നിന്ന് ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദേശീയ സുരക്ഷയെ ഒരുതരത്തിലും ബാധിക്കുന്നതുമായിരിക്കില്ല. എന്തിരുന്നാലും എന്‍എസ്എ ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങളും ചോര്‍ത്തിയിരുന്നു’ സ്നോഡന്‍ വെളിപ്പെടുത്തി.

യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ രാഷ്ട്രത്തലവന്മാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് സ്നോഡനു മേല്‍ അമേരിക്ക ചാരവൃത്തി ആരോപിച്ച് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.