വടക്കന്‍ ബെയ്‌റൂട്ടില്‍ ഒരു ആറ് നില ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട ഒരു ഇന്ത്യക്കാരനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 6:15 ന് ആയിരുന്നു ആറ് നിലകളുള്ള അലൂമിനിയം ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണത്. അപകടത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാരെയും ഒരു ലെബനന്‍ വംശജനെയുമാണ് കാണാതായത്. എന്നാല്‍, തെരച്ചിലിനിടെ ലെബനന്‍കാരനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ രക്ഷിക്കാനായതായി അധികൃതര്‍ അറിയിച്ചു.
ലെബനന്‍ തലസ്ഥാനത്തുനിന്ന് 15 കിലോമീറ്റര്‍ അകലെ സുക്ക് മോസ്ബെ എന്ന വ്യവസായ കേന്ദ്രത്തിലാണ് അപകടം നടന്നത്. അപകടം നടന്നപ്പോള്‍ മൂന്ന് തൊഴിലാളികള്‍ മാത്രമേ ഫാക്ടറിയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് അധികൃതര്‍ വെളിപ്പെടുത്തി.
കെട്ടിട നിര്‍മ്മാണത്തിലുള്ള അപാകതയാണ് അപകട കാരണമെന്ന് കരുതുന്നു. സമീപ പ്രദേശത്തുള്ള ഫാക്ടറി കെട്ടിടങ്ങളുടെ ഉറപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.