ലിബിയയില്‍ ടോംഹോക്കിന്റെ അഗ്നിവര്‍ഷം

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2011 (09:01 IST)
PRO
PRO
ലിബിയയ്ക്കെതിരെയുള്ള സൈനിക നടപടി സഖ്യസേന ശക്തമാക്കി. ‘ഓപ്പറേഷന്‍ ഒഡിസിഡോണ്‍’ എന്ന പേരിലുള്ള സൈനിക നടപടിയില്‍ കഴിഞ്ഞ ദിവസം മാത്രം 64 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് തലസ്ഥാനമായ ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ സൈന്യത്തെ ലക്‍ഷ്യമാക്കി 112 ടോംഹോക്ക് മിസൈലുകള്‍ തൊടുത്തുവിട്ടു.

കടല്‍ മാര്‍ഗവും വ്യോമമാര്‍ഗവുമാണ് ആക്രമണം നടക്കുന്നത്. യുഎസ് സൈനിക വിമാനങ്ങള്‍ ലിബിയയില്‍ ഞായറാഴ്ച 40 ബോംബുകള്‍ വര്‍ഷിച്ചു. പാശ്ചാത്യ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഗദ്ദാഫി പ്രതികരിച്ചിരിക്കുന്നത്. ഗദ്ദാഫി രാസായുധം പ്രയോഗിക്കുമോ എന്ന ഭീഷണിയും നിലനില്‍ക്കുന്നു.

അതേസമയം, ഇന്ത്യയും റഷ്യയും സഖ്യസേനയുടെ ലിബിയന്‍ ആക്രമണത്തെ അപലപിച്ചു. സാധാരണ ജനങ്ങള്‍ക്കും വിദേശ പ്രതിനിധികള്‍ക്കും ആക്രമണത്തില്‍ അപകടമുണ്ടായേക്കാമെന്നും ചര്‍ച്ചകളിലൂടെയുള്ള പ്രശ്നപരിഹാരമായിരുന്നു വേണ്ടതെന്നും ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

വെടിനിര്‍ത്തല്‍ പാലിക്കണമെന്ന അന്താരാഷ്ട്ര നിര്‍ദ്ദേശം തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് ലിബിയയ്ക്ക് നേര്‍ക്ക് ആക്രമണം നടത്താന്‍ സഖ്യ ശക്തികള്‍ മുന്നിട്ടിറങ്ങിയത്. ശനിയാഴ്ച വൈകിട്ട് ഫ്രാന്‍സിന്റെ യുദ്ധവിമാനങ്ങളാണ് ആക്രമണം ആരംഭിച്ചത്. സൈനിക കേന്ദ്രങ്ങളാണ് ലക്‍ഷ്യമിടുന്നതെന്ന് സഖ്യ ശക്തികള്‍ അവകാശപ്പെടുമ്പോള്‍ ജനവാസകേന്ദ്രങ്ങളായ ബെന്‍‌ഗാസി, മിസ്രത, സുവാര, സിര്‍തെ എന്നീ ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടക്കുന്നതെന്നാണ് ഗദ്ദാഫി ഭരണകൂടം പറയുന്നത്.