അല്‍ക്കൊയ്ദ നേതാവ് ഒസാമ ബിന്‍ലാദന്‍റെ പുതിയ ഫോട്ടോകള്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ടു. 2007 സെപ്റ്റംബറില്‍ കണ്ടതിനേക്കാള്‍ പ്രായം തോന്നിക്കുന്ന ഫോട്ടോകളാണ് എഫ്‌ബിഐയിലെ ഫോറന്‍സിക് വിഭാഗം പുറത്തുവിട്ടത്.
പരമ്പരാഗത വസ്ത്രത്തിലുള്ള ഒരു ചിത്രവും താടി വെട്ടിയൊതുക്കി പാശ്ചാത്യ വസ്ത്രമണിഞ്ഞുകൊണ്ടുള്ള മറ്റൊരു ചിത്രവുമാണ് പുറത്തുവന്നത്. ഏറെ ഉന്‍മേഷവാനായാണ് ലാദന്‍ ചിത്രങ്ങളില്‍ കാണപ്പെടുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലാദനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാകാനാണ് ഏജന്‍സി പുതിയ ഡിജിറ്റല്‍ ഫോട്ടോ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
2007 സെപ്റ്റംബറില്‍ അല്‍ക്കൊയ്ദ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് ലാദനെ അവസാനമായി ലോകം കാണുന്നത്. താടി വെട്ടിയൊതുക്കിയ നിലയിലായിരുന്നു അതില്‍ ലാദന്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് അണിഞ്ഞിരുന്ന വെള്ള ടര്‍ബനും സുന്നി ഷര്‍ട്ടുമാണ് പുതിയ ഫോട്ടോയിലും ലദന്‍റെ വേഷം.
തങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള വീഡിയോ 2004 ല്‍ പുറത്തുവന്നിരുന്നു. ബുഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ ലാദന്‍ ഇതില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.