ലാദനെ വധിച്ചിട്ട് ഒരുവര്‍ഷം; ഒബാമ രഹസ്യമായി അഫ്ഗാനില്‍

Webdunia
PRO
PRO
അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടിട്ട് മെയ് രണ്ടിന് ഒരു വര്‍ഷം. പാകിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിത്താവളത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലായിരുന്നു ലോകം കണ്ട കൊടുംഭീകരന്റെ അന്ത്യം.

ലാദന്‍ വേട്ടയുടെ വാര്‍ഷികത്തിന്റെ തലേന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഫ്ഗാനിസ്ഥാനില്‍ രഹസ്യസന്ദര്‍ശനം നടത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികള്‍ മാറ്റിവച്ചായിരുന്നു ഒബാമയുടെ സന്ദര്‍ശനം. സുരക്ഷാകാരണങ്ങളാലാണ് സന്ദര്‍ശനവാര്‍ത്ത പുറത്തുവിടാതിരുന്നത്. അഫ്ഗാനിലെ ബര്‍ഗ്രാം എയര്‍ഫോഴ്സ് ബേസിലെത്തിയ ഒബാമ അമേരിക്കന്‍ സൈനികരെ അഭിസംബോധന ചെയ്തു.

അല്‍ ഖ്വയിദയുടെ പൂര്‍ണ പരാജയം അടുത്തുവരികയാണെന്ന് ഒബാമ പറഞ്ഞു. പുതുപുലരിയുടെ വെളിച്ചം നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഖ്വയിദയുടെ 20 ഓളം നേതാക്കളെയാണ് യു എസ്- അഫ്ഗാന്‍ സംയുക്ത സൈനിക നീക്കത്തിലൂടെ വധിച്ചതെന്നും ഒബാമ പറഞ്ഞു.

ഒബാമയുടെ സന്ദര്‍ശനത്തിന് പിന്നാലെ കാബൂളിലെ അമേരിക്കന്‍ സൈനിക താവളത്തിന് സമീപം സ്ഫോടനമുണ്ടായി.