ലണ്ടന്‍ ഒളിമ്പിക്‌സ്: മാര്‍ച്ച്‌ പാസ്‌റ്റിലെ ‘യുവതി’ മധുര ഹണി

Webdunia
ഞായര്‍, 29 ജൂലൈ 2012 (15:03 IST)
PTI
PTI
ഒളിമ്പിക്‌സ് ഉദ്‌ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത അജ്ഞാത യുവതിയെക്കുറിച്ച് സൂചന ലഭിച്ചു. ബാംഗ്ലൂര്‍ സ്വദേശി മധുര ഹണിയാണ് ഈ യുവതിയെന്നാണ് പ്രാഥമിക വിവരം. ഇവരുടെ ചിത്രം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കാളാണ് ഇവരെ തിരിച്ചറിഞ്ഞത്. ഒളിമ്പിക്‌സ് പാസ്‌ ലഭിച്ച വിവരം ഇവര്‍ ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

പരമ്പരാഗത വേഷം ധരിച്ച ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച്‌ പാസ്‌റ്റില്‍ ദേശീയ പതാകയേന്തിയ ഗുസ്‌തി താരം സുശീല്‍കുമാറിന്‌ സമീപത്താണ് യുവതി പ്രത്യക്ഷപ്പെട്ടത്. ചുവപ്പ്‌ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച്‌ സംഘത്തിനൊപ്പം ചേര്‍ന്ന യുവതിയുടെ സാന്നിദ്ധ്യം വന്‍ വിവാദമായിരുന്നു. ഇവര്‍ ആരാധകരെ കൈ വീശി കാണിക്കുകയും ചെയ്തിരുന്നു.

ഇവര്‍ ഇന്ത്യന്‍ സംഘത്തില്‍പ്പെട്ടതാണെന്ന ധാരണയിലായിരുന്നു കാഴ്ചക്കാര്‍. എന്നാല്‍ മാര്‍ച്ച് പാസ്റ്റിനുശേഷമാണ് ഇവരാരെന്ന് ടീമംഗങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും സുന്ദരി സ്ഥലംവിട്ടിരുന്നു. താരങ്ങളും ഒഫീഷ്യലുകളുമായി 51 പേരായിരുന്നു മാര്‍ച്ച് പാസ്റ്റില്‍ ഉണ്ടായിരുന്നത്‌. 40 എന്നാല്‍ ജീന്‍സ്‌ ധരിച്ച യുവതി എവിടെ നിന്ന്‌ വന്നെന്നോ ആരാണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയത്തിന്റെ വാതില്‍ക്കല്‍ നിന്ന് ഗ്രൗണ്ടിനടുത്തേക്ക് എത്തിക്കാന്‍ സംഘാടകര്‍ നിയോഗിച്ചതാണിവരെയെന്നാണ് പറയപ്പെടുന്നത്. ട്രാക്ക് തുടങ്ങുന്നിടം വരെയായിരുന്നു ഇവര്‍ക്ക് ചുമതല. എന്നാല്‍ ഇവര്‍ ടീമിനൊപ്പം തുടര്‍ന്നും നടക്കുകയായിരുന്നു.