ലങ്കയില്‍ സ്ഥിതി ഗുരുതരം

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2009 (10:10 IST)
ശ്രീലങ്കയില്‍ പുലികളും സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങി. ആയുധം വച്ചു കീഴടങ്ങുക എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം എല്‍ ടി ടി ഇ തള്ളിയതോടെയാണിത്. ഇതോടെ രൂക്ഷമായ ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ലങ്ക ഇനിയും സാക്‍ഷ്യം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലങ്കയിലെ ജനങ്ങളുടെ സുരക്ഷയെപ്പറ്റി അന്താരാഷ്ട്ര സമൂഹവും ആശങ്കയിലാണ്.

വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന പുലികളുടെ അറിയിപ്പ് അവര്‍ക്ക് മറ്റ് പോ‌വഴികളില്ലാത്തതിനാലാണെന്നാണ് വിവരം. അതിശക്തമായ മുന്നേറ്റമാണ് സൈന്യം പുലികളുടെ ശക്തികേന്ദ്രങ്ങളില്‍ നടത്തിയിരിക്കുന്നത്. എല്‍ ടി ടി ഇ തലവന്‍ പ്രഭാകരന്‍റെ പത്നിയുള്‍പ്പടെയുള്ളവര്‍ ലങ്ക വിട്ടതായി അറിയുന്നു. എന്നാല്‍ എങ്ങോട്ടും രക്ഷപെടാന്‍ കഴിയാതെ ആയിരക്കണക്കിനാളുകള്‍ ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടാമെന്ന അവസ്ഥയില്‍ കഴിയുകയാണ്.

തമിഴ് ജനതയുടെ വിമോചനത്തിനും സ്വയരക്ഷയ്ക്കുമാണ് ആയുധങ്ങളെന്നും ആയുധം വച്ച് കീഴടങ്ങാനുള്ള നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നുമാണ് പുലികള്‍ അറിയിച്ചിരിക്കുന്നത്. ദിവസവും നൂറോളം സാധാരണക്കാരാണ് ലങ്കയില്‍ കൊല്ലപ്പെടുന്നതെന്ന് എല്‍ ടി ടി ഇ നേതൃത്വം യു എന്നിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. തമിഴ് ജനതയുടെ രക്ഷയ്ക്ക് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കത്തില്‍ ആവശ്യമുണ്ട്.

എന്നാല്‍ സമാധാനചര്‍ച്ചയോ കാരാറോ ഇനി എല്‍ ടി ടി ഇയുടെ കാര്യത്തില്‍ പറ്റില്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. ജനരോഷം എല്‍ ടി ടി ഇക്കെതിരെ തിരിഞ്ഞതും സര്‍ക്കാരിന് അനുകൂല ഘടകമാണ്.