പാകിസ്ഥാന്റെ സ്ഥാപക നേതാവ് മുഹമ്മദാലി ജിന്നയുടെ അവസാന നാളുകള്‍ ചിലവഴിച്ച വീട് തീവ്രവാദികള്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിയാറാത്തിലെ 121 വര്‍ഷം പഴക്കമുള്ള വീടാണ് പുലര്‍ച്ചെ ഒന്നരയോടെ തീവ്രവാദികള്‍ തകര്‍ത്തത്.
വീടിനു സമീപം ബോംബുകള്‍ കുഴിച്ചിട്ട ശേഷം വീടിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ശക്തമായ വെടിവെപ്പില്‍ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ വീടും ജിന്നയുടെ സ്മരണയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കളും അഗ്നിബാധയില്‍ നശിക്കുകയായിരുന്നു.
1892 ല്‍ നിര്‍മിച്ച ഈ കെട്ടിടം ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയുടെ വേനല്‍ക്കാല വസതിയായിരുന്നു. തുടര്‍ന്ന് ജിന്ന തന്റെ അവസാന നാളുകള്‍ ഈ വീട്ടിലാണ് ചിലവഴിച്ചിരുന്നത്. ഈ വീട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.