മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ്

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (09:28 IST)
PRO
ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ്. മുസ്ലിം ബ്രദര്‍ഹുഡിനൊപ്പം ബന്ധപ്പെട്ട സംഘടനകളുടെ പ്രവര്‍ത്തനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് മുഹമ്മദ് മുര്‍സി സ്ഥാനഭ്രംഷ്ടനാക്കപ്പെട്ട ശേഷം ഈജിപ്തില്‍ തുടരുന്ന സംഘര്‍ഷാവസ്ഥക്ക് അയവുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരോധനം. സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു. 85 വര്‍ഷത്തെ ചരിത്രമുള്ള മുസ്ലിം ബ്രദര്‍ഹുഡ് 2011ല്‍ ഹോസ്‌നി മുബാറക്കിന്റെ ഭരണം ഈജിപ്തില്‍ അവസാനിച്ചതിന് ശേഷം പരസ്യമായി പ്രവര്‍ത്തിക്കുന്നതിന് അവസരം ലഭിച്ചിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡിന്റെ പിന്തുണയുള്ള മുഹമ്മദ് മുര്‍സിയെ ജൂലൈ മൂന്നിന് സൈന്യം പുറത്താക്കിയതിന് ശേഷമാണ് ഈജിപ്തില്‍ വീണ്ടും സംഘര്‍ഷം മൂര്‍ധന്യത്തിലെത്തിയത്.