പാചകവാതക സിലിണ്ടറിന് മസ്റ്ററിംഗ് നിർബന്ധമാക്കുന്നു, നേരിട്ടെത്തണം, ഇല്ലെങ്കിൽ ആനുകൂല്യമില്ല!

അഭിറാം മനോഹർ

ഞായര്‍, 30 ജൂണ്‍ 2024 (10:38 IST)
ഗ്യാസ് സിലിണ്ഡര്‍ മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെയും മുടക്കമില്ലാതെയും ലഭിക്കാനും തട്ടിപ്പുകള്‍ തടയാനുമായാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുകയാണ് ഇലക്ട്രോണിക് കെവൈസി അഥവാ മസ്റ്ററിംഗ്.
 
 ഉപഭോക്താവ് നേരിട്ടെത്തി ബയോമെട്രിക് പഞ്ചിംഗ് വഴി വിശദവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്യാസ് കണക്ഷന്‍ബുക്ക്,ആധാര്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്,കണക്ഷന്‍ എടുക്കുന്ന സമയത്തെ മൊബൈല്‍ നമ്പര്‍ എന്നിവ കൈയ്യില്‍ കരുതണം. രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ഇകെവൈസി സന്ദേശമെത്തും. ഗ്യാസ് കണക്ഷന്‍ എടുത്തിട്ടുള്ള വ്യക്തി വിദേശത്തോ, കിടപ്പിലോ,മരണപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണക്ഷന്‍ മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റാന്‍ നിര്‍ദേശമുണ്ട്.
 
 നേരിട്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. ഇതിനായി കമ്പനിയുടെ ആപ്പും ആധാര്‍ ഫേസ് റെക്കഗ്‌നീഷന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. ഇല്ലെങ്കില്‍ ഭാവിയില്‍ ബുക്കിംഗ് അനുവദിക്കില്ലെന്ന സൂചനയാണ് ഇന്ധനവിതരണ കമ്പനികള്‍ നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍