മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ്സെമിനെതിരെ സ്പെയിനിലെ നാഷണല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ടിബറ്റന്‍ ജനതയ്ക്കെതിരെ വംശഹത്യാ നടപടികളെടുത്തതായ കേസിലാണ് കോടതിയുടെ അറസ്റ്റ് വാറണ്ട്. സ്പാനിഷ് പൗരത്വമുള്ള ടിബറ്റന്‍ അഭയാര്‍ത്ഥി തുബ്തെനും മറ്റ് ചിലരും ചേര്‍ന്ന് ടിബറ്റന്‍ മനുഷ്യാവകാശ ഗ്രൂപ്പിന്റെ പേരിലാണ് സ്പാനിഷ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
1980 - 90 കാലഘട്ടത്തില്‍ ടിബറ്റന്‍ ജനതയ്ക്കെതിരെ നടന്ന വംശഹത്യ, പീഡന, ഭീകര, മാനവികവിരുദ്ധ കുറ്റകൃത്യങ്ങളില്‍ ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ്സെമിന് പുറമേ മുന്‍ പ്രധാനമന്ത്രി ലിപെങ്ങും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ഉത്തരവാദികളാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു.
മറ്റ് രാജ്യങ്ങളില്‍ നടന്നതായ മനുഷ്യാവകാശ ധ്വംസനക്കേസുകളില്‍ ചിലതില്‍ വിചാരണ നടത്താന്‍ സാര്‍വത്രിക നിയമാധികാര പരിധി വ്യവസ്ഥയുള്ളതു പ്രകാരമാണിത്. ചൈനീസ് കോടതികള്‍ പരാതികളില്‍ അന്വേഷണങ്ങള്‍ നടത്തിയില്ല. അതിനാലാണ് ടിബറ്റന്‍ മനുഷ്യാവകാശ സമിതി സ്പെയിനിലെ കോടതിയെ സമീപിച്ചത്.