റഷ്യയില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റിലായി. സരറ്റോവ് സ്വദേശി സെര്‍ജി കബലോവാണ്(54) മദ്യലഹരിയില്‍ മോസ്കോയില്‍ വച്ച് വിമാനം റാഞ്ചാന്‍ ശ്രമം നടത്തിയത്. ഒടുവില്‍ വിമാനത്തിന്റെ ക്രൂവും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ ക്രൂ അംഗങ്ങളുമായി തര്‍ക്കിച്ചു. തുടര്‍ന്ന് ഇവരെ ആക്രമിച്ചു. വിമാനത്തിന്റെ കോക്പിറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് യാത്രക്കാരും ക്രൂ അംഗങ്ങളും സമയോചിതമായി ഇടപ്പെട്ട് ഇയാളെ കീഴ്പ്പെടുത്തി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി.
ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 12 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തത് എന്നാണ് വിവരം.