മണ്ഡേലയ്ക്ക് ബ്രൂണിയുടെ സംഗീതവിരുന്ന്

Webdunia
ശനി, 18 ജൂലൈ 2009 (13:45 IST)
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് നെല്‍‌സണ്‍ മണ്ഡേലയ്ക്ക് 91- ആം പിറന്നാള്‍ ഇന്ന്. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവായ മണ്ഡേലയുടെ ജന്‍‌മദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ ഫ്രാന്‍സിന്‍റെ പ്രഥമ വനിത കാര്‍ല ബ്രൂണിയുടെ നേതൃത്വത്തില്‍ സംഗീത പരിപാടി നടക്കും. ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയും ചടങ്ങില്‍ പങ്കെടുക്കും.

സര്‍ക്കോസിയുടെ ഭാര്യയായ ശേഷമുള്ള ബ്രൂണിയുടെ ആദ്യ പൊതുപരിപാടിയാണിത്. ഡേവ് സ്റ്റിവാര്‍ട്ട്, സ്റ്റെവി വണ്ടര്‍, സിന്‍ഡി ലോപര്‍, ക്വീന്‍ ലറ്റിഫ എന്നിവര്‍ക്കൊപ്പമാണ് ബ്രൂണി വേദിയിലെത്തുന്നത്. മണ്ഡേലയുടെ കഴിഞ്ഞ പിറന്നാളിന് മുന്‍പ് എഴുതിയ ഗാനങ്ങളാണ് ഇന്ന് പാടുന്നത്. വ്യാഴാഴ്ച തന്നെ സര്‍ക്കോസിയും കാര്‍ല ബ്രൂണിയും ന്യൂയോര്‍ക്കിലെത്തിയിട്ടുണ്ട്.

വര്‍ണ വിവേചനത്തിനെതിരെ പോരാടി ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത അദ്ദേഹം 27 വര്‍ഷം ജയില്‍ വാസം അനുഷ്ഠിച്ചു. 1990 ജയില്‍ മോചിതനായ മണ്ഡേല 1994ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റായി. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം വീട്ടിലാണ് മണ്ഡേല ജന്‍‌മദിനം ആഘോഷിക്കുകയെന്ന് നെല്‍‌സണ്‍ മണ്ഡേല ഫൌണ്ടേഷന്‍ അറിയിച്ചു.