ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ ക്യൂബ സ്വാഗതം ചെയ്തു. ക്യൂബ ആഭ്യന്തരമന്ത്രാലയം ആണ് അമേരിക്കന്‍ തീരുമാനത്തെ സ്വാഗതം ചെയ്തത്.
അമേരിക്കന്‍ പ്രസിഡന്‍റിന്റെ തീരുമാനം ഉചിതമാണെന്ന് പ്രതികരിച്ച ക്യൂബയുടെ ആഭ്യന്തരമന്ത്രാലയം ഒരിക്കലും ക്യൂബ ആ പട്ടികയില്‍ ഉള്‍പ്പെടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതികരിച്ചു. ഇരു രാഷ്‌ട്രങ്ങള്‍ക്കും ഇടയിലെ ശീതസമരത്തിന് വിരാമമിടുന്നതിന്റെ ഭാഗമായി ക്യൂബയെ ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കുന്നതിനായി ചൊവ്വാഴ്ച യു എസ് കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിക്കിടെ ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രൊയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യൂബ ഒരിക്കലും അമേരിക്കയ്ക്ക് ഭീഷണി ആയിരുന്നില്ലെന്നും ക്യൂബയിലെ സര്‍ക്കാരും ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ പുതിയ ഇടപെടല്‍ ആവശ്യമാണെന്നും അന്ന് ഒബാമ പറഞ്ഞിരുന്നു.