ബൊളീവിയയില്‍ പ്രളയം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Webdunia
ശനി, 30 ജനുവരി 2010 (13:40 IST)
PRO
കനത്ത പ്രളയത്തെ തുടര്‍ന്ന് ബൊളീ‍വിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രസിഡന്‍റ് ഇവോ മൊറെയ്‌ല്‍‌സ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്തെ ഒമ്പത് മേഖലകളില്‍ അഞ്ചും പ്രളയത്തിന്‍റെ പിടിയിലാണ്.

കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയില്‍ ഒരു ഡസനോളം ആളുകള്‍ മരിച്ചതായാണ് പ്രാഥമിക കണക്ക്. ഏതാണ്ട് 22,000 കുടുംബങ്ങളെ പ്രളയം ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരിതബാധിത മേഖലകളില്‍ സഹായം എത്തിക്കുന്നത് ത്വരിതപ്പെടുത്താനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

കനത്ത മഴയുടെ ഭാഗമായി പലഭാഗങ്ങളിലും ചുഴലിക്കാറ്റും മണ്ണിടിച്ചിലും ഉണ്ടായി. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സാന്താക്രൂസ് മേഖലയിലാണ് പ്രളയം രൂക്ഷമായി അനുഭവപ്പെട്ടത്. ബൊളീവിയയിലെ ഭൂരിഭാഗം നദികളും ഒഴുകുന്ന ബെനി മേഖലയെക്കുറിച്ച് സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രളയത്തിന്‍റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബെനി മേഖലയുടെ തലസ്ഥാനമായ ട്രിനിഡാഡില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരം ജനങ്ങളാണ് ഈ മേഖലയില്‍ വസിക്കുന്നത്.