ബെര്‍ലുസ്‌കോണിയുടെ വിധി നിര്‍ണ്ണയിക്കാന്‍ മൂന്നു വനിതകള്‍

Webdunia
ബുധന്‍, 16 ഫെബ്രുവരി 2011 (12:21 IST)
ലൈംഗിക വിവാദത്തില്‍ ആരോപണവിധേയനായ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബെര്‍ലുസ്‌കോണിയെ മൂന്നു വനിതാ ജഡ്ജിമാര്‍ വിചാരണ ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തില്‍ എഴുപത്തിനാലുകാരനായ ബെര്‍ലുസ്‌കോണി വിചാരണ നേരിടണമെന്ന് മിലനിലെ കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ ആറിന് വിചാരണ തുടങ്ങും.

നിശാക്ലബിലെ നര്‍ത്തകിക്ക് പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കേസ്. മോഷണക്കേസില്‍ കസ്റ്റഡിയിലായ ഇതേ പെണ്‍കുട്ടിയെ വിട്ടയയ്ക്കാന്‍ പൊലീസിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ശാരീരികവേഴ്ച നടത്തി, അധികാരദുര്‍വിനിയോഗം, വഞ്ചന തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങള്‍.

ലൈംഗികാപവാദത്തില്‍പ്പെട്ട പ്രധാനമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വനിതകള്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നാണ് ബെര്‍ലുസ്കോണിയുടെ പക്ഷം. പാര്‍ട്ടി പിളരുന്നത് തടഞ്ഞു പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ബെര്‍ലുസ്‌കോണിക്ക് തിരിച്ചടിയായി വിചാരണ വരുന്നത്.