ബലാത്സംഗം: ബ്രിട്ടണില്‍ പാക് വംശജര്‍ക്ക് ജയില്‍

Webdunia
ശനി, 8 ജനുവരി 2011 (15:39 IST)
PRO
ബ്രിട്ടണിലെ ഡെര്‍ബി പ്രദേശത്ത് പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയിരുന്ന അഞ്ച് പാകിസ്ഥാന്‍ വംശജര്‍ക്ക് ഷെഫീല്‍ഡ് ക്രൌണ്‍ കോടതി തടവ് ശിക്ഷ വിധിച്ചു. പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികളെ പോലും അഞ്ചംഗ സംഘം വെറുതെ വിട്ടിരുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു.

ബ്രിട്ടണില്‍ ജനിച്ച പാകിസ്ഥാന്‍ വംശജരാണ് ശിക്ഷിക്കപ്പെട്ടവരെല്ലാം. ഇവര്‍ സമ്മാനങ്ങളും മറ്റും വാങ്ങിക്കൊടുത്തായിരുന്നു പെണ്‍കുട്ടികളെ വശത്താക്കിയിരുന്നത്. വലയില്‍ വീഴുന്ന പെണ്‍കുട്ടികളെ മറ്റ് സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തുകയായിരുന്നു പതിവ്.

ഉമര്‍ റസാഖ് (24), റസ്വാന്‍ റസാഖ് (30), സഫ്രാന്‍ റംസാന്‍ (21), അദില്‍ ഹുസൈന്‍ (20), മൊഹ്സിന്‍ ഖാന്‍ (21) എന്നിവര്‍ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.

ഒരു പതിനാറുകാരിയെ സ്വന്തം വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതാണ് റംസാന് എതിരെയുള്ള കുറ്റം. മറ്റ് നാല് പേര്‍ക്കും എതിരെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗിക ബന്ധത്തിന് ഇരയാക്കിയ കുറ്റമാണ് ചുമത്തിയത്. ഉമര്‍ റസാഖിന് നാലര വര്‍ഷവും റസ്വാന്‍ റസാഖിന് 11 വര്‍ഷവുമാണ് തടവ് ശിക്ഷ നല്‍കിയത്. റംസാന് ഒമ്പത് വര്‍ഷവും ഹുസൈനും ഖാനും നാല് വര്‍ഷം വീതവും തടവ് നല്‍കാന്‍ കോടതി വിധിച്ചു.

ലൈംഗിക ആവശ്യങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുകയായിരുന്നു സംഘത്തിന്റെ രീതി. കളിസ്ഥലങ്ങളും പാര്‍ക്കുകളും കാറും ഇവര്‍ ലൈംഗിക പൂര്‍ത്തീകരണത്തിനുള്ള വേദികളാക്കിയെന്നും പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.