നാറ്റൊ സഖ്യത്തിലേക്ക് മടങ്ങാനുള്ള പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ തീരുമാനത്തിന് ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ അംഗീകാരം. 238നെതിരെ 329 വോട്ടുകള്‍ നല്‍കിയാണ് ദേശീയ അസംബ്ലി സര്‍ക്കോസിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
നാറ്റൊ പുന:പ്രവേശനം അടക്കമുളള പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലണ്‍ സര്‍ക്കാരിന്‍റെ വിദേശ നയങ്ങള്‍ക്ക് അംഗീകാരം തേടിയാണ് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടത്തിയത്.
1966 ല്‍ പ്രസിഡന്‍റായിരുന്ന ചാള്‍സ് ഡി ഗൌല്ലെയാണ് നാറ്റോയില്‍ നിന്ന് പിന്‍മാറാനും അമേരിക്കയിലെ സൈനിക ക്യാമ്പുകള്‍ അടച്ചുപൂട്ടാനും തീരുമാനമെടുത്തത്.
സര്‍ക്കോസിയുടെ യു എം പി പാര്‍ട്ടിക്ക് അസംബ്ലിയില്‍ മൃഗീയ ഭൂരിപക്ഷമുളളതിനാല്‍ തീരുമാനം അംഗീകരിക്കപെടുമെന്ന് ഉറപ്പായിരുന്നു.
എന്നാല്‍ നാറ്റോയില്‍ പുന:പ്രവേശനത്തിനുള്ള ഫ്രാന്‍സിന്‍റെ തീരുമാനം യൂറോപ്പ് പ്രതിരോധ നയത്തിന് തുരങ്കം വയ്ക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
എന്നാല്‍ നാറ്റോയിലെ പുന: പ്രവേശനത്തിലൂടെ യൂറോപ്പിന്‍റെ പ്രതിരോധം ഒന്നുകൂടി ശക്തമാവുകയാണ് ചെയ്തതെന്നാണ് സര്‍ക്കോസിയുടെ വാദം.