ഫ്രഞ്ച് പ്രസിഡന്റിന് സിനിമാ നടിയുമായി അവിഹിത ബന്ധമുള്ളതായി ഫ്രഞ്ച് മാസിക. പ്രമുഖ ടാബ്ലോയിഡായ ക്ലോസര്‍ ആണ് പ്രസിഡന്റ് ഫ്രാങ്കോ ഹോളണ്ടും പ്രശസ്ത നടി ജൂലി ഗയെറ്റുമായി അവിഹിത ബന്ധമുണ്ടെന്ന് ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തതത്. പ്രസിഡന്റിന്റെ രഹസ്യ പ്രണയം എന്ന തലക്കെട്ടിലാണ് ഏഴു പേജ് വരുന്ന റിപ്പോര്‍ട്ട് മാസികയുടെ വെള്ളിയാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
തന്റെ സ്വകാര്യതക്കെതിരായ കടന്നു കയറ്റമാണ് ഇതെന്നും മാസികക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, വാര്‍ത്ത തങ്ങളുടെ വെബ്സൈറ്റില്‍നിന്ന് പിന്‍വലിച്ചതായി മാസികയുടെ എഡിറ്റര്‍ അറിയിച്ചു. നടി ഗയെറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, മാസിക വിപണിയില്‍നിന്ന് പിന്‍വലിക്കില്ലെന്ന് എഡിറ്റര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
രണ്ടു കുട്ടികളുടെ മാതാവായ ഗയെറ്റ് സിനിമ, ടിവി രംഗത്തെ പ്രശസ്തയായ നടിയാണ്. അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ഇവര്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രത്തിലും അഭിനയിച്ചിരുന്നു.
59 കാരനായ പ്രസിഡന്റ് 41കാരിയായ നടിക്കൊപ്പം കഴിയുന്ന ചിത്രങ്ങളാണ് മാസിക പുറത്തു വിട്ടത്. സ്കൂട്ടറില്‍ പ്രസിഡന്റ് നടിയുടെ വീട്ടില്‍ എത്തുന്ന ചിത്രങ്ങളും മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ നടിയെ തേടി പ്രസിഡന്റ് അവരുടെ വാസസ്ഥലത്തേക്ക് പോവാറുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. പ്രസിഡന്റിന്റെ രാത്രി കാല സഞ്ചാരങ്ങള്‍ മൂലം സുരക്ഷാ സൈനികര്‍ ബുദ്ധിമുട്ടുന്നതായി കഴിഞ്ഞ ആഴ്ച പ്രമുഖ ഫ്രഞ്ച് പത്രം എല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.