ഫോര്‍ബ്സ്: സോണിയ പ്രബല തന്നെ, ഹൂ ഒന്നാമത്

Webdunia
വ്യാഴം, 10 മാര്‍ച്ച് 2011 (14:14 IST)
PTI
ലോകത്തിലെ ഏറ്റവും പ്രബലരായവരുടെ ഫോര്‍ബ്സ് പട്ടികയില്‍ യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി ഒമ്പതാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ ആണ് പട്ടികയില്‍ ഒന്നാമത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമയെ പിന്‍തള്ളിയാണ് ഹു ജിന്റാവൊ ഒന്നാം സ്ഥാനത്തെത്തിയത്.

1.2 ലക്ഷം കോടി ഇന്ത്യന്‍ ജനതയില്‍ സ്വാധീനം ചെലുത്താനായതാണ് സോണിയാ ഗാന്ധിയുടെ നേട്ടം. നാലാം തവണയും കോണ്‍ഗ്രസ് അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ നെഹ്രു-ഗാന്ധി കുടുംബത്തിന്റെ യഥാര്‍ത്ഥ പിന്‍‌ഗാമിയാണെന്ന് ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നെന്ന് ഫോര്‍ബ്സ് വിലയിരുത്തി.

പാശ്ചാത്യരാജ്യങ്ങളിലെ നേതാക്കന്മാരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നയാളാണ് ഹൂ ജിന്റാവോ എന്ന് ഫോര്‍ബ്സ് പറയുന്നു. നദികളെ വഴിതിരിച്ച് വിടാനും നഗരങ്ങള്‍ കെട്ടിപ്പടുക്കാനും ബ്യൂറോക്രാറ്റുകളുടെ താല്‍‌പര്യങ്ങള്‍ക്ക് വഴങ്ങാതെ ഇന്റര്‍നെറ്റിന് സെന്‍സറിംഗ് ഏര്‍പ്പെടുത്താനും ഹൂ ജിന്റാവോ ധൈര്യം കാട്ടിയതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

ബരാക് ഒബാമ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ സൌദിയുടെ ഭരണാധികാരിയായ അബ്ദുള്ള രാജാവാണ് മൂന്നാം സ്ഥാനത്ത്.

ലോകത്തിലെ ശക്തരായ 20 പേരുടെ പട്ടികയില്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് പതിനെട്ടാം സ്ഥാനം നേടി. ഓക്സ്ഫോഡ് സംഭാവന ചെയ്ത മിതഭാഷിയായ ഈ സാമ്പത്തിക വിദഗ്ധന്‍ ഇന്ത്യയെ അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമായി വളര്‍ത്തിയെടുത്തു എന്നാണ് ഫോര്‍ബ്സ് പറയുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, എന്‍ ആര്‍ ഐ വ്യവസായിയായ ലക്ഷ്മി മിത്തല്‍ എന്നിവരാണ് ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍. മുകേഷ് മുപ്പത്തിനാലാമതും മിത്തല്‍ നാല്‍‌പത്തിനാലാമതുമായാണ് ഇടം പിടിച്ചിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടില്‍ നാലാം സ്ഥാനം നേടിയപ്പോള്‍ പോപ്പ് ബെനഡിക്‍ട് പതിനാറാമന്‍ അഞ്ചാം സ്ഥാനത്തെത്തി. ബ്രിട്ടിഷ് പ്രസിഡന്റ് ഡേവിഡ് കാമറൂണ്‍ ആണ് പട്ടികയിലെ ഏഴാമന്‍.

ഒസാമ ബിന്‍ ലാദന്‍ അമ്പത്തിയേഴാമനായപ്പോള്‍ ദാവൂദ് ഇബ്രാഹിം അറുപത്തിമൂന്നാം സ്ഥാനവും നേടി.