ഫൈനല്‍ കാണാന്‍ മഹിന്ദ രാജപക്ഷെ എത്തും

Webdunia
വ്യാഴം, 31 മാര്‍ച്ച് 2011 (13:15 IST)
PRO
PRO
ശനിയാഴ്ച നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ലോകകപ്പ്‌ ഫൈനല്‍ മത്സരം കാണാനായി ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹിന്ദ രാജപക്ഷെ മുംബൈയിലെത്തും. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ്‌ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ പോരാട്ടം നടക്കുക.

പ്രസിഡന്റിന്റെ വക്‌താവ്‌ ബന്ദുല ജയശേഖരയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. മുത്തയ്യ മുരളീധരനുള്ള സമ്മാനമായി ശ്രീലങ്ക കപ്പ് നേടണമെന്ന്‌ രാജപക്ഷെ ടീമിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ലോകകപ്പിന് ശേഷം മുരളീധരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്.

1996- ല്‍ ശ്രീലങ്കയായിരുന്നു ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍‌മാര്‍. 2007-ല്‍ ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ എത്തിയപ്പോള്‍ രാജപക്ഷെ വെസ്‌റ്റിന്റീസില്‍ പോയി മത്സരം കണ്ടിരുന്നു. ശ്രീലങ്ക ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ സെമിഫൈനല്‍ മത്സരം അദ്ദേഹം ആവേശത്തോടെയാണ് കണ്ട് തീര്‍ത്തത്.

മൊഹാലിയില്‍ നടന്ന ഇന്ത്യ-പാക് സെമി പോരാട്ടം വീക്ഷിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എത്തിയിരുന്നു.