ഫിലിപ്പീന്‍സില്‍ ഇരട്ടത്തലയുള്ള കുഞ്ഞ് ജനിച്ചു

Webdunia
ബുധന്‍, 29 ജൂലൈ 2009 (16:32 IST)
ഫിലിപ്പീന്‍സിലെ ഒരു ആശുപത്രിയില്‍ ഒരു ഉടലും രണ്ട് തലയുമുള്ള പെണ്‍കുട്ടി ജനിച്ചു. സാല്‍‌വഡോര്‍ അര്‍ഗാണ്ട - ഷാറ്റാരിയ ദമ്പതികള്‍ക്ക് മനിലയിലെ ഫാബെല്ല മെമ്മോറിയല്‍ ആശുപത്രിയിലാണ് അപൂര്‍വ പെണ്‍കുഞ്ഞ് പിറന്നത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് കുഞ്ഞെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്‍റെ സ്ഥിതി ഇപ്പോള്‍ കുഴപ്പമില്ലെന്നും എന്നാല്‍, ഒരു ഹൃദയം മാത്രമേ കുട്ടിക്കുള്ളൂവെങ്കില്‍ കുട്ടി മരിച്ചേക്കുമെന്നും ഒരു ആശുപത്രി വക്താവ് പറഞ്ഞു.

ഗര്‍ഭത്തിന്‍റെ വളര്‍ച്ചാ ഘട്ടത്തില്‍ ഇരട്ടക്കുഞ്ഞിന്‍റേതെന്ന രീതിയില്‍ രണ്ടാമത്തെ തല ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സമയത്ത് തല വേര്‍പ്പെടുത്തുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെടുകയായിരുന്നു. ഈ ആശുപത്രിയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിതെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു.

ഈ കുഞ്ഞിനെ കൂടാതെ അര്‍ഗാണ്ട - ഷാറ്റാരിയ ദമ്പതികള്‍ക്ക് അഞ്ച് കുട്ടികള്‍ വേറെയുമുണ്ട്. ഇരുവരുടേയും കുടുംബത്തില്‍ ആര്‍ക്കും ഇതുവരെ ഇരട്ടക്കുട്ടികള്‍ ഉണ്ടായിട്ടില്ല.