പെണ്‍കുട്ടിയെ കൊന്നുതിന്ന കേസ് മാറ്റി

Webdunia
ബുധന്‍, 7 ഏപ്രില്‍ 2010 (13:58 IST)
പതിനാറുകാരിയെ കൊന്ന ശേഷം മാംസം വെട്ടിയെടുത്ത് ഉരുളക്കിഴങ്ങിനൊപ്പം വേവിച്ചു വിളമ്പിയ കേസിലെ രണ്ട് പ്രതികളുടെ വിചാരണ മാറ്റിവച്ചു. കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ നല്‍കിയ ഞെട്ടലില്‍ ഒരു ജഡ്ജി മയങ്ങിവീണതാണ് കേസ് മാറ്റിവയ്ക്കാന്‍ കാരണമെന്ന് ‘ഡയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു പൈശാചികമായ സംഭവം നടന്നത്. മാക്സിം ജൊലൊവത്സ്കിക്ക്, യൂറി മോഷ്നോവ് എന്നിവര്‍ ചേര്‍ന്നാണ് കരീന ബര്‍ദൂഷിയാന്‍ എന്ന 16 കാരിയുടെ കശാപ്പ് നടത്തിയത് എന്ന് ഇവരോടൊപ്പം സംഭവസമയത്ത് ഉണ്ടായിരുന്ന ഇകാത്‌റീന സിനോവ്‌വെയ കോടതിയില്‍ പറഞ്ഞു. ഇവര്‍ കരീനയെ കൊലപ്പെടുത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അത് തമാശയായിട്ടാണ് കരുതിയതന്നും സിനോവ്‌വെയ പറയുന്നു.

മാക്സിമും കരീനയും പ്രണയത്തിലായിരുന്നു. അന്നേ ദിവസം നടന്ന പാര്‍ട്ടിക്കിടെ ഇരുവരും ഒരുമിച്ച് കുളിമുറിയിലേക്ക് പോയി. ആ സമയം താന്‍ കിടക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍, കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വിചിത്രമായ ശബ്ദങ്ങള്‍ കേട്ടു എന്നും അത് എന്തെന്ന് അന്വേഷിക്കാന്‍ കുളിമുറിക്ക് അടുത്തേക്ക് പോയ തന്നെ യൂറി മടക്കി അയച്ചു എന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചു.

അടുത്തദിവസം വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ യൂറിയും മാക്സിമും തനിക്ക് ഉരുളക്കിഴങ്ങും ഇറച്ചിയും നല്‍കി. തനിക്ക് ഇറച്ചി എവിടെ നിന്നാണെന്ന് അറിയില്ലായിരുന്നു എന്നും സിനോവ്‌വെയ പറഞ്ഞു. കരീനയെ കുളിമുറിയില്‍ വച്ച് ശ്വാസം‌മുട്ടിച്ച് കൊന്നശേഷം ശരീരത്തില്‍ നിന്ന് മാസം വെട്ടിയെടുക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. പ്രതികള്‍ കുറച്ച് മാംസം ഭക്ഷിച്ച ശേഷം ബാക്കി ചവറ്റുകുട്ടയില്‍ കളഞ്ഞു എന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.