പീഡനം: ഐ‌എം‌എഫ് തലവന്‍ ജയിലില്‍

Webdunia
ചൊവ്വ, 17 മെയ് 2011 (10:42 IST)
PTI
ഹോട്ടല്‍ ജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഐ‌എം‌എഫ് തലവന്‍ ഡൊമനിക്ക് സ്ട്രോസ് കാനിനെ ന്യൂയോര്‍ക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്സ് ഐലന്‍ഡ് ജയിലിലാണ് കാനിനെ പാര്‍പ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് കാനിനെ കോടതിയില്‍ ഹാജരാക്കിയത്. കാനിന് ജാമ്യം അനുവദിച്ചാല്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് നടന്നത് എന്ന കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ഒരു ലക്ഷം ഡോളര്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ കാനിന്റെ അഭിഭാഷകന്‍ സമ്മതം പ്രകടിപ്പിച്ചു എങ്കിലും കോടതി റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

മാന്‍‌ഹട്ടണിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ആഡംബര സ്യൂട്ടില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുപ്പത്തിരണ്ടുകാരിയായ ഹോട്ടല്‍ ജീവനക്കാരിയാണ് പരാതിക്കാരി. ഇവരെ കാന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നും ലൈംഗിക വൈകൃതത്തിനു പ്രേരിപ്പിച്ചു എന്നുമാണ് പരാതി.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് ഡിക്ടറ്റീവുകള്‍ കാനിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരി കാനിനെ തിരിച്ചറിഞ്ഞിരുന്നു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. കാനിന്റെ വസ്ത്ര സാമ്പിളുകളും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

എന്നാല്‍, കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഇരയാണെന്നാണ് കാനിന്റെ വാദം. സംഭവം നടന്നു എന്ന് പറയുന്ന സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

ഫ്രാന്‍സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് കാന്‍ ലൈംഗികാപവാദ കേസില്‍ ഉള്‍പ്പെടുന്നത്.