പാക് ഭീകരവാദി തന്നെയും ലക്‌ഷ്യം വെച്ചിരുന്നെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്

Webdunia
ശനി, 10 ജനുവരി 2015 (10:54 IST)
പാക് ഭീകരവാദികള്‍ തന്നെയും ലക്‌ഷ്യം വെച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു സുക്കര്‍ബര്‍ഗിന് ലഭിച്ച ഭീഷണിസന്ദേശം.
 
കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ആക്ഷേപഹാസ്യമാസികയായ ചാര്‍ളി ഹെബ്‌ദോയില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തനിക്കും ഭീഷണിസന്ദേശം ലഭിച്ചിട്ടുണ്ടെന്ന് സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ തന്നെയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഒരു പറ്റം തീവ്രവാദികള്‍ ലോകത്ത് എല്ലാവരുടെയും അഭിപ്രായങ്ങള്‍ നിശബ്‌ദമാക്കാന്‍ ശ്രമം നടത്തുകയാണ്. ഇത് അനുവദിക്കാന്‍ പറ്റില്ല. ഫേസ്ബുക്കില്‍ അത് നടക്കാന്‍ താന്‍ ഒരിക്കലും അനുവദിക്കില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
 
ഇതുവരെ മൂന്നുലക്ഷത്തില്‍ അധികം ആളുകളാണ് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. മുപ്പതിനായിരത്തില്‍ അധികം ആളുകള്‍ ഇതുവരെ ഈ പോസ്റ്റ് ചെയര്‍ ചെയ്തിട്ടുണ്ട്. കമന്റുകള്‍ക്ക് സക്കര്‍ബര്‍ഗ് മറുപടിയും നല്കുന്നുണ്ട്.