പാക്‍ കലാപം: മുഷറഫിന് സമന്‍‌സ്

Webdunia
ശനി, 25 ഫെബ്രുവരി 2012 (04:36 IST)
അഞ്ചു വര്‍ഷം മുന്‍‌പ് കറാച്ചിയില്‍ നടന്ന രാഷ്ട്രീയകലാപക്കേസില്‍ മുന്‍ പാക്‍ഭരണാധികാരി പര്‍വേസ് മുഷറഫിനോട് നേരിട്ടുഹാജരാകാന്‍ കോടതി ഉത്തരവിട്ടു. സിന്ധ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചാണ് മുഷറഫിനോട് ഏപ്രില്‍ ഏഴിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയത്.

പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയെ 2007-ല്‍ മുഷറഫ് പുറത്താക്കിയിരുന്നു. ഇഫ്തികറിന്റെ സ്ഥാനം തിരികെ നേടുന്നതിനുള്ള പിന്തുണയ്ക്കായുള്ള റാലിക്കിടെ ചൗധരിയെ അനുകൂലിക്കുന്നവരും മുഷറഫിനെ അനുകൂലിക്കുന്ന മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് പ്രവര്‍ത്തകരും തമ്മിലായിരുന്നു കലാപം ഉണ്ടായത്. കലാപത്തില്‍ മുഷറഫിന് പങ്കുണ്ടെന്നാണ് ആരോപണം.

കറാച്ചിയിലെ അന്നുനടന്ന കലാപത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദുബായിലും ലണ്ടനിലുമായി കഴിയുന്ന മുഷറഫിനെ സമന്‍സിന്റെ വിവരം അറിയിക്കുന്നതിനായി ലണ്ടനിലെ പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബേനസീര്‍ ഭൂട്ടൊ വധകേസിലും മുഷറഫ് ആരോപണം നേരിടുന്നുണ്ട്.