പാകിസ്ഥാന്‍ 337 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (09:40 IST)
PTI
പാകിസ്ഥാന്‍ 337 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. മോചിപ്പിച്ചതില്‍ പകുതിയിലധികവും മത്സ്യബന്ധനത്തൊഴിലാളികളാണ്.

കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 329 പേരെയും ലന്ധിയിലെ കുട്ടിക്കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത എട്ടുപേരെയുമാണ് മോചിപ്പിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വഷളായ സമയത്താണ് ഈ നടപടി.

സര്‍ക്രീക്കിലെ കടല്‍ മേഖലയിലേക്ക് മീന്‍പിടിത്തത്തിനുപോയി പാക് കടല്‍ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായവരാണ് ഇവരിലധികവും. മോചിപ്പിച്ച എല്ലാവരുടെയും ശിക്ഷാ കാലവധി പൂര്‍ത്തിയായതാണ്.

മാലിര്‍ ജയിലിലുള്ള ഒരാളെ പൗരത്വത്തിലെ അവ്യക്തത മൂലം മോചിപ്പിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. ബാക്കിയുള്ളവരെ വാഗാ അതിര്‍ത്തിയിലെത്തിച്ച് ശനിയാഴ്ച ഇന്ത്യയ്ക്കു കൈമാറും.