പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വധിക്കാന്‍ പദ്ധതി; രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 24 ജൂലൈ 2013 (09:07 IST)
PRO
PRO
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വധിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി പരാജയപ്പെടുത്തിയതായി അധികൃതര്‍. ഷെരീഫിന്റെ ലാഹോറിന് സമീപം റായ്‌വിന്ദിലെ വീട്ടില്‍ ചാവേറാക്രമണം നടത്താനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തീവ്രവാദികളെ സംയുക്ത അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

തെഹരിക് ഇ താലിബാനുമായി ബന്ധമുള്ള വടക്കന്‍ വസീരിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദി സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

മുന്‍പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി ഹൈദറിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്നതിടെയാണ് ഗൂഢാലോചന പുറത്തുവന്നത്.

മത്തിയൂര്‍ റഹ്മാന്‍, മുഹമ്മദ് യാസിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണത്തിന് പദ്ധതിയിട്ടത്. മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്, മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് എന്നിവര്‍ക്ക് നേരേയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഇവരുടെ പങ്ക് വെളിപ്പെട്ടിരുന്നു. ഇരുവരുടെയും തലയ്ക്ക് മുപ്പത് ലക്ഷം രൂപ ഇനാമും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.