പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം: 89 മരണം

Webdunia
ശനി, 2 ജനുവരി 2010 (09:48 IST)
PRO
പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനത്തില്‍ എണ്‍‌പത്തിയൊമ്പത് പേര്‍ മരിച്ചു. തെക്കന്‍ വസീരിസ്ഥാനില്‍ അതിര്‍ത്തിയോടു ചേര്‍ന്ന ലക്കി മാര്‍വാറ്റിലെ ഷാ ഹസന്‍ ഖേല്‍ എന്ന ഗ്രാമത്തിലായിരുന്നു സ്ഫോടനം. ഒരു വോളിബോള്‍ കളിക്കിടെ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ചാവേര്‍ ഗ്രൌണ്ടിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 28 ന് പെഷവാറിലുണ്ടായ സ്ഫോടനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണമായിരുന്നു ഇത്. പെഷവാറില്‍ 125 പേരാണ് കൊല്ലപ്പെട്ടിരുന്നത്. കളി കണ്ടുകൊണ്ടിരുന്ന നാട്ടുകാരാണ് അധികവും കൊല്ലപ്പെട്ടിരിക്കുന്നത്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

താലിബാന്‍ തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണിത്. എന്നാല്‍ അടുത്തിടെയായി താലിബാനെതിരെ നടന്ന സൈനിക നടപടിയോട് നാട്ടുകാരില്‍ ചിലര്‍ സഹകരിച്ചിരുന്നു. ഇതിന്‍റെ വിദ്വേഷമാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. മറ്റൊരു ആക്രമണത്തില്‍ താലിബാന്‍ വിരുദ്ധ പോരാട്ടത്തോട് അനുകൂലനിലപാടെടുത്തിരുന്ന ഒരു ഗോത്രമൂപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

സ്ഫോടനത്തിന്‍റെ ശക്തിയില്‍ സമീപത്തെ ഇരുപതോളം വീടുകള്‍ക്കും ഏതാനും കടകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഏതാണ്ട് മുന്നൂറു കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

സംഭവത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അപലപിച്ചു. തീവ്രവാദത്തിനെതിരായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബ്ബലപ്പെടുത്താനാണ് ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.