രാജ്യത്തെ മതനിന്ദ നിയമത്തില്‍ അഭിപ്രായം പറഞ്ഞതിന് ഗവര്‍ണറെ കൊലപ്പെടുത്തിയ അംഗരക്ഷകനെ തൂക്കിക്കൊന്നു. പാകിസ്ഥാനിലെ പഞ്ചാബില്‍ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെയാണ് അദ്ദേഹത്തിന്റെ അംഗരക്ഷകനായ മുംതാസ് ഖദ്രി കൊലപ്പെടുത്തിയത്.
റാവല്‍പിണ്ടിയിലെ അദൈല ജയിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് ശിക്ഷ നടപ്പാക്കിയത്.
അതേസമയം മുംതാസിന്റെ വധശിക്ഷ നടപ്പാക്കിയ വാര്‍ത്ത രാജ്യത്തെ വിവിദ മതസംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വരുംനാളുകളില്‍ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുമെന്ന് മുംതാസിന്റെ മോചനത്തിനായി വാദിച്ച സുന്നി തഹ്‌റീക് നേതാവ് അജാസ് ഖദ്രി പറഞ്ഞു. മുംതാസിനോടുള്ള ആദരസൂചകമായി സ്‌കൂളുകളും കടകളും അടച്ചിടണമെന്ന് ഖദ്രി ആവശ്യപ്പെട്ടു. മിക്കയിടത്തും റോഡുകള്‍ ഉപരോധിച്ചിരിക്കുകയാണ്.
പുരോഗമനവാദിയായ സല്‍മാന്‍ തസീര്‍ മതനിന്ദ കുറ്റം ചുമത്തിയ ഒരു ക്രിസ്ത്യന്‍ യുവതിയെ പിന്തുണച്ചിരുന്നു. മതനിന്ദ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്നും തസീര്‍ വാദിച്ചു. തസീറിന്റെ ഈ നിലപാടാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന്മുംതാസ് ഖദ്രി കോടതിയില്‍ സമ്മതിച്ചിരുന്നു. 2011 ജനുവരി നാലിനാണ് സഭവം നടന്നത്.